അരവിന്ദ് കേജരിവാളിന് പുതിയ ബംഗ്ലാവ് അനുവദിച്ച് കേന്ദ്ര സർക്കാർ
Tuesday, October 7, 2025 9:38 AM IST
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് പുതിയ ബംഗ്ലാവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍.
95 ലോധി എസ്റ്റേറ്റിൽ ആകും ഇനി കെജരിവാളിന്റെ ഔദ്യോഗിക വസതി. ലോധി എസ്റ്റേറ്റില്‍ ടൈപ്പ് 7 ബംഗ്ലാവാണ് അനുവദിച്ചത്. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണ് ബംഗ്ലാവ് അനുവദിച്ചത്.
ബംഗ്ലാവ് അനുവദിക്കാത്തത് ചോദ്യം ചെയ്ത് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ജസ്റ്റീസ് സച്ചിൻ ദത്തയുടെ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.
മുൻ മുഖ്യമന്ത്രിയെന്ന നിലയില്‍ അര്‍ഹമായ നിലവാരത്തിലുള്ള ബംഗ്ലാവ് തന്നെ വേണമെന്ന് കേജ്രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
10 ദിവസത്തിനുള്ളിൽ കേജ്രിവാളിന് ഉചിതമായ താമസസ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ സെപ്റ്റംബർ 25ന് ഡൽഹി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം 2024 ഒക്ടോബറിലാണ് ആം ആദ്മി നേതാവ് ഫ്ലാഗ്സ്റ്റാഫ് റോഡിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞത്.
അന്നുമുതൽ അദ്ദേഹം എഎപി രാജ്യസഭാ എംപി അശോക് മിത്തലിന് അനുവദിച്ച സർക്കാർ ബംഗ്ലാവിലാണ് താമസിക്കുന്നത്. ഫ്ലാഗ്സ്റ്റാഫ് റോഡിന്റെ നവീകരണത്തിൽ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.