ചികിത്സാപിഴവ്; കൈ മുറിച്ചു മാറ്റേണ്ടി വന്ന കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ
Tuesday, October 7, 2025 9:47 AM IST
കോഴിക്കോട്: വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.
അതേസമയം, കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ. ബാബുവും പറഞ്ഞിരുന്നു.
പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു.