പാക്കിസ്ഥാനിൽ സൈനികർ സഞ്ചരിച്ച ട്രെയിനിൽ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് റിപ്പബ്ലിക് ഗാർഡ്സ്
Tuesday, October 7, 2025 12:50 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ട്രെയിനിൽ സ്ഫോടനം. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്കടുത്തുള്ള സുൽത്താൻകോട്ട് പ്രദേശത്തിന് സമീപം ജാഫർ എക്സ്പ്രസ് ട്രെയിനിലാണ് സ്ഫോടനമുണ്ടായത്.
സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഐഇഡി സ്ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ആറു കോച്ചുകൾ പാളം തെറ്റി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് വിമത ഗ്രൂപ്പായ ബലൂച് റിപ്പബ്ലിക് ഗാർഡ്സ് ഏറ്റെടുത്തു. പാക്കിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ ട്രെയിനിൽ യാത്ര ചെയ്തതിനാലാണ് ആക്രമണം നടത്തിയതെന്ന് ബലൂച് റിപ്പബ്ലിക് ഗാർഡ്സ് പ്രതികരിച്ചു.
"പാകിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ യാത്ര ചെയ്തിരുന്ന സമയത്താണ് ട്രെയിൻ ആക്രമിക്കപ്പെട്ടത്. സ്ഫോടനത്തിൽ നിരവധി സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിആർജി ഏറ്റെടുക്കുന്നു, ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രഖ്യാപിക്കുന്നു'- ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു.
രക്ഷാപ്രവർത്തകരും സുരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സ്ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ, നിരവധി പേർക്ക് പരിക്കേറ്റതായി വ്യക്തമാണ്. എന്നിരുന്നാലും, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ക്വെറ്റയ്ക്കും പെഷവാറിനും ഇടയിൽ സർവീസ് നടത്തുന്ന ജാഫർ എക്സ്പ്രസിന് നേരെ സമീപ മാസങ്ങളിൽ നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. മാർച്ച് 11 ന്, ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുന്നതിനിടെ ബോലാൻ പ്രദേശത്ത് വച്ച് ജാഫർ എക്സ്പ്രസ് തട്ടിയെടുക്കപ്പെട്ടിരുന്നു.
തുടർന്നുണ്ടായ ആക്രമണത്തിൽ 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ട്രെയിൻ ആക്രമിച്ച 33 ഭീകരരെ സുരക്ഷാ സേന വധിച്ചു.