ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മാപ്പ് ചോദിച്ച് ഊബർ
Tuesday, October 7, 2025 3:40 PM IST
ബംഗുളൂരു: ഊബര്‍ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബര്‍. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ ഊബര്‍ യുവതിക്ക് തിരികെ നല്കി.
യുവതി ഊബര്‍ ആപ്പില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഊബര്‍ യുവതിക്ക് ഉറപ്പു നല്കി. ബംഗുളൂരു പോലീസും യുവതിയെ വിളിച്ച് സംസാരിച്ചു. എന്നാല്‍, സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനില്ലെന്ന് യുവതി പോലീസിനെ അറിയിച്ചു.
ബംഗുളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ആമിയാണ് ഊബറിന് പരാതി നല്‍കിയത്. രണ്ടു ദിവസം മുന്‍പാണ് ഊബര്‍ ഓട്ടോ ഡ്രൈവറില്‍ നിന്ന് ആമിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
ഊബര്‍ ഡ്രൈവര്‍ തന്നെ ലക്ഷ്യസ്ഥാനത്ത് ഇറക്കാന്‍ വിസമ്മതിച്ചുവെന്നും തന്നെ തല്ലാന്‍ ശ്രമിച്ചുവെന്നുമാണ് യുവതി ആരോപിച്ചത്. വിഡിയോയിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം യുവതി പങ്കുവച്ചത്.