ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് സ്ഥലം മാറ്റം
Tuesday, October 7, 2025 4:07 PM IST
ആലപ്പുഴ: നിരവധി കസ്റ്റഡി മർദനക്കേസുകളിലെ ആരോപണ വിധേയനായ ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിനെ സ്ഥലം മാറ്റി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
നേരത്തെ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുവേദിയില്‍ നിന്നും മധു ബാബുവിനെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് ഒഴിവാക്കിയത്.
സംഘടനയുടെ സംസ്ഥാന ട്രഷറർ ആണ് മധുബാബു. മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിന്റെ ഇരിപ്പിടം കാണികൾക്കിടയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്‍.
നിരവധി കസ്റ്റഡി മർദന കേസുകളിലെ ആരോപണ വിധേയനാണ് മധു ബാബു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദിച്ച കേസിൽ മധു ബാബുവിന് ഒരു മാസം തടവും 1000 പിഴയും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.
2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു.
സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധു ബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.
പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന് തണ്ണിത്തോടിനെയും മധു ബാബു മർദിച്ചിരുന്നു.
യുഡിഎഫ് ഭരണകാലത്ത് മധുബാബു തന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാം മുറയ്ക്കും വിധേയനാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും മുളക് സ്പ്രേ അടിച്ചുവെന്നുമായിരുന്നു ജയകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞത്.
അന്നത്തെ കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ നടപടി നിര്‍ദേശിച്ച് 2016 ല്‍ എസ്പി ഹരിശങ്കര്‍ റിപ്പോർട്ടും നൽകിയിരുന്നു.