ദുല്‍ഖറിന് ആശ്വാസം; വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
Tuesday, October 7, 2025 4:50 PM IST
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി നടന് ദുല്‍ഖര്‍ സല്‍മാന്റെ പിടിച്ചെടുത്ത വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിന് നിർദേശം നൽകി. ഇതിനായി ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.
ഉപാധികളോടെ വാഹനം വിട്ടുനല്‍കാമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണോയെന്ന് കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു.
വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗാരന്റി നല്‍കാമെന്നും ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ തിരികെ ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്.
കള്ളക്കടത്ത് വാഹനമാണെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദുല്‍ഖറിന്റെ വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.