വനിതാ ലോകകപ്പ്: വിറപ്പിച്ച് ബംഗ്ലാദേശ്; ഇംഗ്ലണ്ടിന് ജയം
Tuesday, October 7, 2025 11:35 PM IST
ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം. ഗുവാഹത്തി ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 178 റൺസിന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 103-6 എന്ന നിലയിലേക്ക് വീണിരുന്നു. ഒരറ്റത്ത് ക്ഷമയോടെ ബാറ്റ് വീശിയ ഹീഥർ നൈറ്റ് നേടിയ (79) അർധ സെഞ്ചുറിയാണ് ടീമിനെ തുണച്ചത്. 46.1 ഓവറുകളിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുകയായിരുന്നു.
സ്കോർ: ബംഗ്ലാദേശ് 178/10 (49.4), ഇംഗ്ലണ്ട് 182/6 (46.1). ശോഭന മൊസ്താരി (60), റബേയ ഖാന് (43), ഷര്‍മിന്‍ അക്തര്‍ (30) എന്നിവര്‍ മാത്രമാണ് ബംഗ്ലാദശിന് വേണ്ടി തിളങ്ങിയത്. ഷൊര്‍ണ അക്തറാണ് (10) രണ്ടക്കം കണ്ട മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 46.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 111 പന്തില്‍ പുറത്താവാതെ 79 റണ്‍സ് നേടിയ ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ബംഗ്ലാദേശിനായി ഫാഹിമ ഖാത്തൂണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.