എറണാകുളത്ത് നീന്തൽ പരിശീലനത്തിനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Wednesday, October 8, 2025 12:09 AM IST
കൊച്ചി: എറണാകുളം വരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ - ഷിബി ദമ്പതികളുടെ മകൻ ഗോഡ്വിൻ (13) ആണ് മരിച്ചത്
ചൊവ്വാഴ്ച വൈകുന്നേരം നാലിന് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് സംഭവമുണ്ടായത്. കോതാട് ജീസസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഗോഡ്വിൻ ക്ലാസ് കഴിഞ്ഞശേഷം മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്.
പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങിയ ഗോഡ്വിൻ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനായി ശ്രമിച്ച കൂട്ടുകാരനും നീന്തൽ അറിയാത്ത ഗോഡ്വിനൊപ്പം മുങ്ങി താഴ്ന്നു. ബഹളം കേട്ട് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തിയാണ് കൂട്ടുകാരനെ രക്ഷപ്പെടുത്തിയത്.
ഇതിനിടയിൽ വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്ന് പോയ ഗോഡ്വിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീമിന്റെ രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.