കോതമംഗലത്ത് കൗമാരക്കാരനെ മർദിച്ച സംഭവം; നാല് പേർ പിടിയിൽ
Wednesday, October 8, 2025 12:22 AM IST
കൊച്ചി: കോതമംഗലത്ത് കൗമാരക്കാരനെ മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പെൺസുഹൃത്തിന്റെ പിതാവും കൂട്ടാളികളും ചേർന്നാണ് കൗമാരക്കാരനെ മർദിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് അടക്കമുള്ള നാല് പേർ പോലീസ് കസ്റ്റഡിയിലാണ്. പ്ലസ്ടു വിദ്യാർഥിയായ 17കാരനൊപ്പം പഠിക്കുന്ന പെണ്‍കുട്ടിയുടെ പിതാവും കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്.
പെൺകുട്ടിയുടെ പിതാവും സുഹൃത്തുക്കളും പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പെൺകുട്ടി എന്ന വ്യാജേന ചാറ്റ് ചെയ്ത് യുവാവിനെ വിളിച്ചുവരുത്തി വാടകവീട്ടിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം സുഖമില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോതമംഗലത്തെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇവിടെ വച്ചാണ് പിതാവ് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണെടുത്ത് 17കാരനുമായി ചാറ്റ് ചെയ്തത്. പെണ്‍കുട്ടി 17കാരനോട് ചെയ്യുന്ന അതേ രീതിയിൽ ചാറ്റ് ചെയ്ത് വീടിന് പുറത്തെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയുടെ പിതാവിന്റെ കൂട്ടുകാരുടെ വാടക വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വച്ച് ക്രൂര മര്‍ദനത്തിനിരയാക്കിയെന്നാണ് പരാതി. മര്‍ദനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തിരികെ ആണ്‍കുട്ടിയുടെ വീട്ടിലെത്തിക്കുന്നത്. കുട്ടിയുടെ പുറഭാഗത്തടക്കം വലിയ രീതിയിലുള്ള മര്‍ദനമേറ്റിട്ടുണ്ട്.