ശബരിമലയിലെ തട്ടിപ്പ് സർക്കാരിന്റെ അറിവോടെ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
Wednesday, October 8, 2025 12:35 AM IST
ന്യൂഡൽഹി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ശബരിമലയിൽ നടന്ന തട്ടിപ്പ് സർക്കാരിന്റെ അറിവോടെയാണെന്ന് വേണുഗോപാൽ പറഞ്ഞു.
സ്വർണം മോഷണം പോയ സംഭവത്തിൽ ചില ഉദ്യോഗസ്ഥന്മാരെ ബലിയാടുകളാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിന്റെ നേട്ടം സർക്കാരിലെ പലർക്കും ലഭിച്ചിട്ടുണ്ടെന്നും കെ.സി. അഭിപ്രായപ്പെട്ടു.
ശബരിമലയെ സാമ്പത്തിക സമാഹരണത്തിന്റെ ഉപാധിയായി കണ്ടതിന്റെ പരിണിത ഫലങ്ങളാണ് ഇതെല്ലാം. ഇത്ര വലിയ കൊള്ള നടന്നിട്ടും അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ഇതുവരെ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും അദേഹം പറഞ്ഞു.
ഈ കൊള്ള മുഖ്യമന്ത്രിയ്ക്ക് പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ലേ എന്ന് ചോദിച്ച എഐസിസി ജനറൽ സെക്രട്ടറി ശബരിമലയെ സംബന്ധിച്ചിടത്തോളം പരിപാവനമായിട്ടുള്ള സ്വത്തുവകകള്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് എടുത്തു കൊണ്ടുപോകാന്‍ പറ്റുന്നതാണോയെന്നും ആരാഞ്ഞു.