കാർ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കം; വയോധികനെ ക്രൂരമായി മർദിച്ച് യുവാക്കൾ
Wednesday, October 8, 2025 12:35 AM IST
കണ്ണൂര്: അഴീക്കോട്ട് രണ്ട് യുവാക്കൾ ചേർന്ന് വയോധികനെ ക്രൂരമായി മർദിച്ചു. അഴീക്കൽ സ്വദേശി ബാലകൃഷ്ണനാണ് മർദനമേറ്റത്. കാർ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
അഴീക്കൽ വ്യവസായ കേന്ദ്രം റോഡിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനത്തിന് സൈഡ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു എന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം.
നാട്ടുകാർ ഇടപെട്ടതോടെയാണ് യുവാക്കൾ അക്രമം നിർത്തിയത്. കണ്ടാലറിയാവുന്ന ആളുകളാണ് മർദിച്ചതെന്നും, അക്രമത്തിനു ശേഷം ഇവർ വീട്ടിൽ എത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും മർദനമേറ്റ ബാലകൃഷ്ണൻ പറഞ്ഞു.
77 കാരനായ ബാലകൃഷ്ണൻ, വളപട്ടണം പോലീസിൽ പരാതി നൽകി. ബാലകൃഷ്ണനെ മർദിക്കുന്ന ദ്യശ്യങ്ങൾ യുവാക്കളുടെ കൂടെയുണ്ടായിരുന്നവർ ചിത്രീകരിക്കുകയും പീന്നീട് പ്രചരിപ്പിക്കുകയും ചെയ്തു.