നാല് ദിവസമായി ഗതാഗതക്കുരുക്ക് തുടരുന്നു; ഡൽഹി-കൊൽക്കത്ത ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് വാഹനങ്ങൾ
Wednesday, October 8, 2025 4:07 AM IST
ന്യൂഡൽഹി: ഡൽഹി - കൊൽക്കത്ത ഹൈവേയിൽ കഴിഞ്ഞ നാല് ദിവസമായി കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് വാഹനങ്ങൾ. കഴിഞ്ഞ വെള്ളിയാഴ്ച ബീഹാറിലെ റോഹ്താസിൽ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതിനെത്തുടർന്നായിരുന്നു ഗതാഗതക്കുരുക്ക് തുടങ്ങിയത്.
വെള്ളക്കെട്ടിനെത്തുടർന്ന് റോഡ് നിർമാണ പ്രവർത്തകർ ദേശീയപാത-19ൽ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളെ വഴിതിരിച്ചു വിട്ടെങ്കിലും ഈ വഴികളിൽ നിറയെ കുഴികൾ രൂപപ്പെട്ടതും വെള്ളക്കെട്ടിറങ്ങാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
ചെറിയ ദൂരങ്ങൾ താണ്ടാൻ പോലും മണിക്കൂറുകളെടുക്കും. റോഹ്താസിൽനിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ഔറംഗാബാദ് വരെ ഇപ്പോൾ ഹൈവേയിലെ ഗതാഗതക്കുരുക്ക് നീണ്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് ആരോപണമുയരുന്നുണ്ട്. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയോ റോഡ് നിർമാണ കമ്പനിയോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.