നെതന്യാഹുവിനെതിരെ പടയൊരുക്കവുമായി തീവ്ര വലതുപക്ഷം
Wednesday, October 8, 2025 6:10 AM IST
ടെൽ അവീവ്: ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തീവ്ര വലതുപക്ഷത്തിന്റെ കടുത്ത വെല്ലുവിളി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് മുന്നിൽ സമ്മതം മൂളി ഹമാസിന് മുന്നിൽ നെതന്യാഹു കീഴടങ്ങുന്നുവെന്ന വികാരമാണ് ഇസ്രയേൽ സർക്കാരിലെ തീവ്ര വലതുപക്ഷം ഉന്നയിക്കുന്നത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയോട് യോജിക്കുന്ന നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ പരസ്യ വിമർശനവുമായി രംഗത്തെത്തി. ആദ്യം മുതലെ കടുത്ത നിലപാട് സ്വീകരിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് നെതന്യാഹുവിനെതിരെ പടയൊരുക്കം.
ഇസ്രയേലിന് വിപത്ത് വരുത്തിവച്ച തീവ്രവാദ സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യണം, അല്ലാതെ അവരെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സമാധാന കരാറും ഞങ്ങൾ അംഗീകരിക്കില്ലെന്നാണ് ബെൻ ഗ്വിർ പരസ്യമായി നിലപാട് പ്രഖ്യാപിച്ചത്. അങ്ങനെ സംഭവിച്ചാൽ കൂട്ടുകക്ഷി സർക്കാരിൽനിന്ന് പിന്മാറുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുമെന്ന ഭീഷണിയും ബെൻ ഗ്വിർ ഉയർത്തിയിട്ടുണ്ട്.