കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ പരാതിക്കൊരുങ്ങി ഭാരവാഹികൾ
Wednesday, October 8, 2025 6:32 AM IST
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കോഴിക്കോട് ബാലുശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ ഇന്ന് കൈമാറിയില്ലെങ്കിൽ ക്ഷേത്രം മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ പരാതി നൽകാനൊരുങ്ങി ക്ഷേത്രം ഭാരവാഹികൾ. കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണമാണ് ക്ഷേത്രത്തിൽനിന്ന് കാണാതായത്.
ടി.ടി. വിനോദ് കുമാർ ബാലുശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണമാണ് കാണാതായെന്ന് പരാതി ഉയർന്നിരിക്കുന്നത്.
2023ൽ വിനോദ് കുമാർ സ്ഥലം മാറി പോയശേഷം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പിന്നീട് വന്ന ഓഫീസർമാർക്ക് കൈമാറിയിരുന്നില്ല. 57.37 പവൻ സ്വർണമാണ് വിനോദ് കുമാറിന് മുൻ ഓഫീസർ കൈമാറിയത്. തുടർന്ന് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസ്വം ബോർഡിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ സ്വർണ ഉരുപ്പടികളുടെ കുറവ് കണ്ടെത്തുകയായിരുന്നു.