യുവാവ് ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: വിശദീകരണവുമായി തിരുവനന്തപുരം റെയില്‍വെ ഡിവിഷന്
Wednesday, October 8, 2025 7:35 AM IST
തൃശൂർ: യുവാവ് ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം റെയില്‍വെ ഡിവിഷന്. യാത്രക്കാരന് അബോധാവസ്ഥയിലാണെന്ന് ഡിവിഷണല്‍ കണ്ട്രോള് ഓഫീസിലേക്ക് വിവരം ലഭിച്ചു.
ഉടന്‍തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ ആംബുലന്‍സ് ക്രമീകരിച്ചു. രാത്രിയായതിനാല്‍ സ്റ്റേഷന് മാസ്റ്റര്‍ ആംബുലന്‍സിനെ ബന്ധപ്പെട്ടെങ്കിലും ആംബുലന്‍സ് എത്താന്‍ വൈകിയെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
അടിയന്തര സാഹചര്യം പരിഗണിച്ച് ട്രെയിന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില യാത്രക്കാര്‍ ചെയിന്‍ വലിച്ചതോടെ ട്രെയിന്‍ നിര്‍ത്തുകയും നടപടികള്‍ക്ക് കൂടുതല്‍ കാലതാമസം വരികയും ചെയ്തുവെന്നാണ് റെയില്‍വേ പറയുന്നത്. തൃശൂരില്‍ ആംബുലന്‍സ് ക്രമീകരിച്ച വിവരം യാത്രക്കാരെ അറിയിച്ചെങ്കിലും ചില യാത്രക്കാരുടെ ഇടപെടല്‍ മുളങ്കുന്നത്തുകാവില്‍ ട്രെയിന്‍ 25 മിനിറ്റോളം വൈകിയെന്നും റെയില്‍വേയുടെ പ്രതികരണത്തിലുണ്ട്.
മുംബൈ-എറണാകുളം ഓഖ എക്സ്പ്രസിൽ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്. ട്രെയിന്‍ ഷോര്‍ണൂര്‍ പിന്നിട്ടതോടെ യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.