വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളില്ല: ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നല്കി കേന്ദ്രം
Wednesday, October 8, 2025 12:28 PM IST
കൊച്ചി: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിധിയിൽ വരാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാംഗ്മൂലം സമർപ്പിച്ചത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
അതേസമയം, മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഡിസാസ്റ്റര്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ചില ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തിയത് കൊണ്ട് വായ്പകള്‍ എഴുതി തള്ളുക എന്നുള്ളത് പ്രയാസമുള്ള കാര്യമായിരിക്കും എന്നാണ്.
അതേസമയം കേന്ദ്രം സഹായിക്കുന്നില്ല എന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകും എന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയിട്ടുണ്ട്.