"കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണം’: കേന്ദ്രത്തിന്റെ ചിറ്റമ്മ നയം പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
Wednesday, October 8, 2025 1:19 PM IST
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്നും ഹൈക്കോടതി ആഞ്ഞടിച്ചു.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിനെതിരെയാണ് വിമർശനം.
വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയോട് ‘ഫന്റാസ്റ്റിക്’ എന്നാണ് പരിഹാസ രൂപേണ ഹൈക്കോടതി പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു.
വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകി. സഹായിക്കാൻ തയാറല്ലെങ്കിൽ അത് ജനങ്ങളോട് പറയൂ. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു.
കേന്ദ്ര സർക്കാർ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതെന്നു പറഞ്ഞ കോടതി കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ നിർദേശിച്ചു. ഇത് ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഇതാണ് മനോഭാവമെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഇതിനുശേഷം ബാങ്കുകളുടെ വായ്പ ഈടാക്കൽ നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു, ദുരിതബാധിതർക്കെതിരായ വായ്പ വീണ്ടെടുപ്പ് നടപടികൾക്ക് വിലക്കേർപ്പെടുത്തി. ബാങ്കുകളെ കേസിൽ കക്ഷികളായി ചേർക്കാനും വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.