ഡോക്ടർക്ക് വെട്ടേറ്റ സംഭവം; ശക്തമായ നിയമ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Wednesday, October 8, 2025 3:51 PM IST
തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
താമരശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവായ സനൂപ് എന്നയാളാണ് ഡോക്ടറെ ആക്രമിച്ചത്.
മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്. അതേസമയം, തലയ്ക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഓഗസ്റ്റ് 14നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.
കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.