താമരശേരിയിൽ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തു
Wednesday, October 8, 2025 6:06 PM IST
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.
വെട്ടേറ്റ ഡോക്ടര്‍ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിപിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയ ഡിഎംഒ ഡോ. കെ.രാജാറാം പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായാണ് താമരശ്ശേരി ആശുപത്രിയിലെത്തിയതെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും ഡിഎംഒ അറിയിച്ചു. ഡിഎംഒയ്ക്കൊപ്പം അഡീഷണൽ ഡിഎംഒയും താമരശേരി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു.