സെഞ്ചുറിയുമായി ബേത് മൂണി; ഓസ്ട്രേലിയൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ
Wednesday, October 8, 2025 6:32 PM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് എടുത്തത്.
സെഞ്ചുറി നേടിയ ബേത് മൂണിയുടെയും അർധ സെഞ്ചുറി നേടിയ അലാന കിംഗിന്റെയും മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്. മൂണി 109 റൺസാണ് എടുത്തത്. 114 പന്തിൽ 11 ബൗണ്ടറി അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിംഗ്സ്.
51 റൺസാണ് അലാന എടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു അലാനയുടെ ഇന്നിംഗ്സ്. 76 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയെ മൂണിയും അലാനയും ചേർന്നാണ് കരകയറ്റിയത്.
പാക്കിസ്ഥാന് വേണ്ടി നഷ്ര സന്ധു മൂന്ന് വിക്കറ്റെടുത്തു. ഫാത്തിമ സനയും റമീൻ ഷമീമും രണ്ട് വിക്കറ്റ് വീതവും ഡയാന ബെയ്ഗും സാദിയ ഇഖ്ബാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.