രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ കോട്ടയം ഒരുങ്ങുന്നു
Wednesday, October 8, 2025 9:20 PM IST
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ കോട്ടയം ഒരുങ്ങുന്നു. ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി 22നു കേരളത്തിലെത്തും.
കോട്ടയത്ത് എത്തുമ്പോള്‍ കുമരകത്തായിരിക്കും താമസം. കുമരകം ടാജ് ഹോട്ടലാണു പ്രഥമ പരിഗണനയിലുള്ളത്. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 23നു വൈകുന്നേരം നാലിന് പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തി റോഡ് മാര്‍ഗം കുമരകത്തേക്കും ഹെലികോപ്റ്ററില്‍ പാലായിലേക്കും പോകും. പാലാ സെന്റ് തോമസ് കോളജിനു മുന്നിലെ മൈതാനത്തോ പ്രധാന ഗ്രൗണ്ടിലോ ഹെലികോപ്ടര്‍ ഇറങ്ങും.
രാഷ്ട്രപതി ഭവനില്‍നിന്നുള്ള സുരക്ഷാ പ്രതിനിധികള്‍ അടുത്തയാഴ്ച കോട്ടയത്തെത്തും. ജില്ലാതലത്തില്‍ പോലീസ് ഇതിനായി ഒന്നിലേറെ യോഗങ്ങള്‍ നടത്തും. പോലീസ്, ഫയര്‍, ആരോഗ്യം, വൈദ്യുതി, പിആര്‍ഡി, പൊതുമരാമത്ത് വകുപ്പുതല യോഗവും ചേരും.