വനിതാ ലോകകപ്പ്; പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം
Wednesday, October 8, 2025 9:39 PM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 107 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 114 റൺസിൽ ഓൾഔട്ടായി. 35 റൺസെടുത്ത സിദ്ര അമീന് മാത്രമാണ് തിളങ്ങാനായത്. റമീൻ ഷമീം 15 റൺസെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി കിം ഗാർത്ത് മൂന്ന് വിക്കറ്റെടുത്തു. മേഗൻ ഷട്ടും അന്നാബെൽ സതർലൻഡും രണ്ട് വിക്കറ്റ് വീതവും അലാന കിംഗും ആഷ്ലെ ഗാർഡനറും ജോർജിയ വെയ്ർഹാമും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് എടുത്തത്. സെഞ്ചുറി നേടിയ ബേത് മൂണിയുടെയും അർധ സെഞ്ചുറി നേടിയ അലാന കിംഗിന്റെയും മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്. മൂണി 109 റൺസാണ് എടുത്തത്. 114 പന്തിൽ 11 ബൗണ്ടറി അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിംഗ്സ്.
51 റൺസാണ് അലാന എടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു അലാനയുടെ ഇന്നിംഗ്സ്. 76 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയെ മൂണിയും അലാനയും ചേർന്നാണ് കരകയറ്റിയത്.
പാക്കിസ്ഥാന് വേണ്ടി നഷ്ര സന്ധു മൂന്ന് വിക്കറ്റെടുത്തു. ഫാത്തിമ സനയും റമീൻ ഷമീമും രണ്ട് വിക്കറ്റ് വീതവും ഡയാന ബെയ്ഗും സാദിയ ഇഖ്ബാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബേത് മൂണിയാണ് മത്സരത്തിലെ താരം.
വിജയത്തോടെ ഓസ്ട്രേലിയയ്ക്ക് അഞ്ച് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ.