എംഡിഎംഎയുമായി അധ്യാപകൻ അറസ്റ്റിൽ
Wednesday, October 8, 2025 11:28 PM IST
തൃശൂർ: പ്ലസ്ടു സ്കൂൾ അധ്യാപകനെ 68.6 ഗ്രാം എംഡിഎംഎയുമായി സിറ്റി പോലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പോലീസും ചേർന്നു തൃശൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ തൂവക്കുന്ന് കണ്ണൻകോട് കോളോത്ത് വീട്ടിൽ കെ. രാഖിൽ (29) ആണ് അറസ്റ്റിലായത്.
2024ൽ ഇയാളെ 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ബംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കായി കണ്ണൂരിൽനിന്നു കോടതിയിലേക്കുവരുന്ന വഴിയാണു വീണ്ടും പിടികൂടിയത്.
എംഎസ്സി സുവോളജി, എംഎ, എംഎഡ്, എന്റമോളജിയിൽ പിഎച്ച്ഡി എന്നീ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള രാഖിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. കുന്നംകുളം സ്വദേശി റിഹാസിന്റെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണു രാഖിൽ മൊഴിനൽകിയത്.