സ്വർണം: ഹോ, എന്തൊരു കയറ്റം
Thursday, October 9, 2025 1:12 AM IST
റ്റി.സി. മാത്യു
കഴുത്തിലും കാതിലും കൈയിലും മറ്റും കിടക്കുന്നത് ഇത്ര വിലയേറിയതാകും എന്ന് ആരും സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാകില്ല. എല്ലാവരും വിമർശിക്കുകയും ചിലർ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോഴും സ്വർണത്തെ മുറുകെപ്പിടിച്ചവർ ഇപ്പോൾ ആരാ ജയിച്ചത് എന്നു ചോദിച്ചാൽ വിമർശകർക്ക് ഉത്തരം ഉണ്ടാകില്ല. കാരണം അത്തരം കയറ്റമാണു സ്വർണത്തിന്റേത്. 22 കാരറ്റ് സ്വർണം ഒരു പവന് (എട്ടു ഗ്രാം) ഇന്നലെ 90,880 രൂപ. കഴിഞ്ഞ ജനുവരി ഒന്നിലെ 57,200 രൂപയിൽ നിന്ന് 58.89 ശതമാനം അധികം.
ഇതു കേരളത്തിൽ മാത്രമല്ല. ലോകമെങ്ങും സ്വർണം കുതിപ്പിലാണ്. 2025 തുടങ്ങുമ്പോൾ ലോകവിപണിയിൽ 24 കാരറ്റ് സ്വർണം ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2625 ഡോളർ ആയിരുന്നു. ഇന്നലെ ഇന്ത്യൻ സമയം വെെകുന്നേരം അഞ്ചിന് വില 4040 ഡോളർ. 53.9 ശതമാനം അധികം.
1979 നു ശേഷം കാണാത്ത കയറ്റം
ഒരു തലമുറയുടെ ഓർമയിൽ ഇത്തരമൊരു വിലക്കുതിപ്പ് കണ്ടിട്ടില്ല. 46 വർഷം മുൻപ് 1979 ലാണ് ഇതിനേക്കാൾ വലിയ കയറ്റം ഉണ്ടായത്. ആ വർഷം ഔൺസിന് 226 ഡോളറിൽ നിന്ന് 512 ഡോളറിലേക്കു സ്വർണം കുതിച്ചു. 126.5 ശതമാനം ഉയർച്ച. എന്തു കൊണ്ടു മഞ്ഞലോഹം ഇപ്പോൾ കുതിക്കുന്നു എന്നതിനു പല കാരണങ്ങൾ പറയാനുണ്ട്. 2022ൽ ആരംഭിച്ച ഒരു കയറ്റമാണ് ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നത്. കോവിഡിനു ശേഷം 15 ശതമാനം ഇടിഞ്ഞ വില പിന്നീടു 133 ശതമാനം കുതിച്ചു. ഈ ബുൾ തരംഗത്തിന്റെ പ്രധാന കാരണങ്ങൾ.
സാമ്പത്തിക അനിശ്ചിത്വം
ഒന്ന്: സാമ്പത്തിക അനിശ്ചിതത്വം. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളും ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളും വലിയ കടമാണു വാങ്ങിക്കൂട്ടുന്നത്. അമേരിക്കയുടെ കടം അവരുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 123 ശതമാനം വരും. ജപ്പാന് 235 ശതമാനം, ഇറ്റലിക്ക് 137 ശതമാനം, ഫ്രാൻസിന് 116 ശതമാനം എന്നിങ്ങനെയാണു കടബാധ്യത. (ഇന്ത്യയുടേത് 83 ശതമാനം മാത്രം.) ഈ കടം വർധിച്ചു വരികയാണ്.
അമേരിക്ക ഒരു ദിവസം 2100 കോടി ഡോളർ കണ്ട് കടം കൂട്ടുന്നു. 48 ദിവസം കൊണ്ട് ഒരു ലക്ഷം കോടി (ട്രില്യൺ) ഡോളർ പുതിയ കടം ഉണ്ടാകുന്നു. ഇത് ഇങ്ങനെ വർധിച്ചാൽ? രാജ്യങ്ങൾ ഇതു തിരിച്ചുകൊടുക്കാൻ പറ്റില്ല എന്നു പറഞ്ഞാലോ?
അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിലെ ഒരു ഉപദേശകൻ ഹ്രസ്വകാലകടങ്ങൾ 100 വർഷ പലിശയില്ലാ കടപ്പത്രങ്ങളാക്കി മാറ്റുക എന്നതുപോലുള്ള (വികല)ആശയങ്ങൾ അവതരിപ്പിക്കുന്ന സമയമാണിത്. എന്തും സംഭവിക്കാം എന്നർഥം. ഇത്തരം ഉറപ്പില്ലായ്മ ധനകാര്യ മേഖലയിൽ ആർക്കും ഇഷ്ടമല്ല. അതിനാൽ ഒട്ടേറെ നിക്ഷേപകർ സ്വർണംപോലെ ഭദ്രമായ നിക്ഷേപങ്ങളിലേക്കു മാറുന്നു.
കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടുന്നു
രണ്ട്: കേന്ദ്രബാങ്കുകളുടെ വാങ്ങൽ. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ പ്രതിവർഷം 1000 ടണ്ണിലധികം വീതം സ്വർണം വാങ്ങിക്കൂട്ടുകയായിരുന്നു. ഒരു വർഷം ആഗോള വിപണിയിൽ വിൽപനയ്ക്കു വരുന്ന സ്വർണത്തിന്റെ അഞ്ചിലൊന്നാണിത്. 2010വരെ വിൽപനക്കാരായിരുന്ന കേന്ദ്രബാങ്കുകൾ പിന്നീടുള്ള ഒരു ദശകത്തിൽ ശരാശരി വാങ്ങിയിരുന്നതിന്റെ ഇരട്ടിയിലേറെ. ചൈനയും ഇന്ത്യയും അടക്കം ഈ വാങ്ങലിൽ സജീവമാണ്. എല്ലാവരും ഭദ്രത തേടുന്നു. ഡോളറിനെ ദുർബലമാക്കുന്ന ട്രംപ് നയങ്ങൾ കേന്ദ്രബാങ്കുകളെ യുഎസ് കടപ്പത്രങ്ങളിൽനിന്ന് അകറ്റുന്നു. പകരം സുരക്ഷിതത്വം സ്വർണത്തിലാണ്.
സംഘർഷം കൂടുന്നു
മൂന്ന്: ആഗോള സംഘർഷം. രാജ്യാന്തര തലത്തിൽ സംഘർഷമേഖലകൾ കൂടുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം ഔപചാരിക റഷ്യ-നാറ്റോ യുദ്ധമാകാനുള്ള സാധ്യത ചെറുതല്ല. കോക്കസസ് മേഖലയിൽ തുർക്കി-അസർബെയ്ജാൻ സഖ്യം വെറുതേ രൂപം കൊണ്ടതല്ല. സൗദി അറേബ്യ പാക്കിസ്ഥാന്റെ ആണവകുട (ആണവ സംരക്ഷണം) നേടിയതും വെറുതെയല്ല. ചൈനയുടെ മോഹങ്ങൾക്ക് അതിരില്ല. ഇതെല്ലാം ആശങ്ക കൂട്ടുന്നു. സ്വാഭാവികമായും നിക്ഷേപകർ സുരക്ഷിത താവളം തേടുന്നു.
നാല്: ഈ പ്രശ്നങ്ങൾക്കിടയിൽ അമേരിക്ക നടത്തുന്ന തീരുവയുദ്ധവും ഒടുവിൽ അമേരിക്കയിലെ ഭരണസ്തംഭനവും സ്വർണത്തെ റോക്കറ്റ് വേഗത്തിൽ കുതിപ്പിച്ചു. അതാണ് ഈ ദിവസങ്ങളിൽ ദിവസേന ആയിരം രൂപ വീതമുള്ള കയറ്റത്തിലേക്കു പവനെ എത്തിച്ചത്.
കുതിപ്പ് എവിടെ വരെ?
ഈ സാഹചര്യങ്ങളിൽ സ്വർണം എങ്ങോട്ടാണു പോകുന്നത്? ആർക്കും നിശ്ചയമില്ല. 4000 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണം തിരുത്തലിലേക്കു നീങ്ങുമോ എന്നു വിപണിയിൽ സംസാരമുണ്ട്. അമേരിക്കൻ ഭരണസ്തംഭനം മാറിയാൽ സ്വർണം അൽപം താഴും എന്നതു തീർച്ചയാണ്. പക്ഷേ അതു താത്കാലികം മാത്രമായിരിക്കും.
ഒരു തിരുത്തലിൽ വില 12 ശതമാനം താഴ്ന്ന് ഔൺസിന് 3525 ഡോളർ വരെ താഴാം എന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ധരുടെ വിലയിരുത്തൽ. തിരുത്തൽ ഇല്ലാതെ കയറ്റം തുടർന്നാൽ 5000 ഡോളറാണ് അവർ 2026 ഒടുവിൽ കണക്കാക്കുന്ന വില. 2000-2011 ലെ ബുൾ തരംഗത്തിന്റെ പാതയിലാണു സ്വർണമെങ്കിൽ 7000 ഡോളർ വരെ എത്താം എന്നും അവർ അനുമാനിക്കുന്നു.
2023ൽ 14.5ഉം 2024ൽ 25.5ഉം ശതമാനം കുതിച്ച സ്വർണം ഈ വർഷം ഇതുവരെ 50 ശതമാനത്തിലധികം കയറി. ഈ പോക്ക് ഇതേപോലെ തുടർന്നാൽ 2026 ഡിസംബറിൽ 4900 ഡോളർ ആകും ഒരൗൺസ് സ്വർണത്തിന്റെ വില എന്നാണ് നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്.
തുടർച്ചയായ ഏഴാം ആഴ്ചയിലും കയറിയ സ്വർണം ഭരണസ്തംഭനം തുടർന്നാൽ 4000 ഡോളറും കടന്നു പോകും എന്നാണ് വിപണിയിലെ നിഗമനം. എസ്ഐഎ വെൽത്ത് മാനേജ്മെന്റ് ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് കോളിൻ ചിയഷിൻസ്കി പറയുന്നത് ഔൺസിന് 3900നു മുകളിൽ കയറിയാൽ 4000 ഡോളറിലേക്ക് സ്വർണവില അതിവേഗം നീങ്ങും എന്നാണ്. ചെെനയിലെ ഡിമാൻഡ് അൽപം കുറഞ്ഞതാണ് പുതിയ ആഴ്ചയിലെ പ്രധാന നെഗറ്റീവ് ഘടകം.
ഇരട്ടിക്കാൻ താമസമില്ല
എലിയട്ട് വേവ് മോഡലും മറ്റും ഉപയോഗിച്ച് വിപണിയുടെ സാങ്കേതികവിശകലനം നടത്തുന്നവർ 2030ഓടെ സ്വർണം ഔൺസിന് 8000-10,000 ഡോളർ മേഖലയിൽ എത്തുമെന്ന പ്രവചനം നടത്തുന്നുണ്ട്. ഡോയിച്ച് ബാങ്ക് 2026ൽ 5000 ഡോളറിലേക്കു സ്വർണം കയറും എന്ന നിഗമനക്കാരാണ്.
ഒരു ലക്ഷത്തിലേക്കു കയറുന്ന പവൻ അടുത്ത ഒരു ലക്ഷം കടക്കാൻ ചുരുങ്ങിയ വർഷങ്ങൾ കാത്തിരുന്നാൽ മതിയാകും. കേരളത്തിൽ ആയിരം രൂപയിൽ നിന്ന് 90,000 രൂപയിലേക്കു പവൻ വില ഉയരാൻ 45 വർഷം എടുത്തു.1980ലാണ് പവൻ 1000 രൂപ കടന്നത്. 28 വർഷം കഴിഞ്ഞ് 2008ൽ 10,000 രൂപ കടന്നു.
കാടത്തത്തിന്റെ ശേഷിപ്പ് എന്നാണു വിഖ്യാത ധനശാസ്ത്രജ്ഞൻ ജോൺ മേനാർഡ് കെയ്ൻസ് സ്വർണത്തെ വിശേഷിപ്പിച്ചത്. ആ സ്വർണം ഇപ്പോൾ ആശങ്കകൾക്കു നടുവിൽ ലോകരാജ്യങ്ങൾക്കും നിക്ഷേപകർക്കും ഭദ്രതയുടെ തുരുത്തായി മാറിയിരിക്കുന്നു.