ഗാസ വെടിനിർത്തൽ ചർച്ച; ട്രംപിന്റെ മരുമകനും തുർക്കി ഇന്റലിജൻസ് മേധാവിയും ഈജിപ്തിൽ
Thursday, October 9, 2025 12:13 AM IST
കയ്റോ: ഗാസ വെടിനിർത്തൽ ചർച്ചയിലെ അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ, ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഖത്തർ പ്രധാനമന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവർകൂടി ഇന്നലെ ചർച്ചയിൽ പങ്കാളികളായി. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് പശ്ചിമേഷ്യാ പ്രതിനിധിയായിരുന്നു കുഷ്നർ.
ട്രംപ് മുന്നോട്ടുവച്ച ഇരുപതിന വെടിനിർത്തൽ പദ്ധതിയാണ് ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടക്കുന്ന ചർച്ചയിൽ പരിഗണിക്കുന്നത്. ഇത്തവണ വെടിനിർത്തൽ യാഥാർഥ്യമാകുമെന്ന സൂചനയാണു ട്രംപ് നല്കിയിരിക്കുന്നത്.
വെടിനിർത്തൽ പദ്ധതി ഹമാസിനെക്കൊണ്ട് അംഗീകരിപ്പിക്കാൻവേണ്ടിയാണു തുർക്കി ഇന്റലിജൻസ് മേധാവി ഈജിപ്തിൽ എത്തിയിരിക്കുന്നത്. വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ ഹമാസിനെ പ്രേരിപ്പിക്കണമെന്നു ട്രംപ് തന്നോട് ഫോണിൽ ആവശ്യപ്പെട്ടതായി തുർക്കി പ്രസിഡന്റ് എർദോഗൻ അറിയിച്ചു.
ഇസ്രേലി പ്രതിനിധിസംഘത്തിലെ ഏറ്റവും പ്രധാന അംഗവും പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിശ്വസ്തനായ കാബിനറ്റ് മന്ത്രിയുമായ റോൺ ഡെർമറും ഇന്നലെ ഷാം അൽ ഷേഖിലെത്തി.
അതേസമയം, ചർച്ചയിൽ പുരോഗതിയുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ചർച്ചയിൽ ക്രിയാത്മകമായിട്ടാണു പ്രതികരിക്കുന്നതെന്നും പുരോഗതിയുണ്ടെന്നും ഹമാസിലെ ഒരു വിഭാഗം അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഗാസയിലെ ഇസ്രേലി ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരമായി ഇസ്രേലി ജയിലുകളിൽനിന്നു മോചിപ്പിക്കേണ്ട പലസ്തീനികളുടെ പട്ടിക ഹമാസ് ചർച്ചയിൽ കൈമാറി.
പ്രമുഖ പലസ്തീൻ നേതാക്കളായ മാർവാൻ ബർഹൂതി, അഹമ്മദ് സാദത്ത് എന്നിവരുടെ പേര് പട്ടികയിലുണ്ട്. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന്റെ പിൻഗാമിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നയാളാണ് ബർഹൂതി.
അതേസമയം, ചർച്ചകളിൽ ആഴത്തിലുള്ള അഭിപ്രായഭിന്നതകൾ തുടരുന്നതായി ചല പലസ്തീൻ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ഗാസയിൽ സ്ഥിരം വെടിനിർത്തൽ, ഇസ്രേലി ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റം, ഇസ്രേലി സേനയുടെ പിന്മാറ്റം, സഹായവിതരണം ഉറപ്പാക്കൽ, യുദ്ധാനന്തര ഭരണം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചാണു ചർച്ച മുന്നേറുന്നത്. ഈ അഞ്ചു വിഷയങ്ങളിലും അഭിപ്രായഭിന്നതയുണ്ടെന്നാണു പലസ്തീൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
ഗാസയിലേക്കുള്ള സഹായബോട്ടുകൾ വീണ്ടും തടഞ്ഞു
ടെൽ അവീവ്: ഗാസയ്ക്കു സഹായവുമായി വന്ന മറ്റൊരു ബോട്ടുസംഘത്തെക്കൂടി ഇസ്രേലി സേന തടഞ്ഞു. ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും മരുന്നുമായി ഒന്പതു ബോട്ടുകളിൽ എത്തിയ 150ഓളം പേരെ കസ്റ്റഡിയിലെടുത്തു.
തുർക്കിയടക്കമുള്ള രാജ്യക്കാരാണിവർ. നാവിക ഉപരോധം ലംഘിച്ച് യുദ്ധമേഖലയിൽ കടക്കാനുള്ള ശ്രമം വീണ്ടും പാഴായി എന്നാണ് ഇസ്രേലി വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
കസ്റ്റഡിയിലെടുത്തവരെ ഇസ്രേലി തുറമുഖത്ത് എത്തിച്ചു. എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നു. ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയയ്ക്കും- ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു.
അന്താരാഷ്ട്ര സമുദ്രമേഖലയിൽവച്ച് നിയമവിരുദ്ധമായി ബോട്ടുകൾ പിടിച്ചെടുക്കുകയായിരുന്നുവെന്നു ഫ്ലീഡം ഫ്ലോട്ടില്ല സഖ്യം ആരോപിച്ചു. കഴിഞ്ഞയാഴ്ച, സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബെർഗ് അടക്കം 479 പലസ്തീൻ അനുകൂലികൾ ഗാസയിലേക്കു സഹായവസ്തുക്കളുമായി സഞ്ചരിച്ച 42 ബോട്ടുകൾ ഇസ്രേലി സേന പിടിച്ചെടുത്തിയിരുന്നു.