അഴീക്കലിൽ വയോധികന് മർദനമേറ്റ സംഭവം; നാല് പേർ പിടിയിൽ
Thursday, October 9, 2025 12:14 AM IST
കണ്ണൂർ : അഴീക്കലിൽ വാഹനത്തിന് സൈഡ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ വയോധികനെ ക്രൂരമായി മർദിച്ച കേസിൽ നാല് പേർ പിടിയിൽ. അഴീക്കോട് സ്വദേശികളായ ജിഷ്ണു, അമിത്, ആദിത്, റിജിൻ രാജ് എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അഴീക്കൽ സ്വദേശിയായ ബാലകൃഷ്ണൻ(77) റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. ഇതേ തുടർന്നുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.
ബാലകൃഷ്ണൻ യുവാക്കളെ അസഭ്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. കാറിൽ നിന്ന് പുറത്തിറങ്ങിയ വയോധികൻ മർദനത്തെ തുടർന്ന് സമീപത്തെ കടയിലേക്ക് ഓടി കയറി. എന്നാൽ പിന്തുടർന്നെത്തിയ യുവാക്കൾ കടയിൽ കയറിയും മർദിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വയോധികന്റെ പരാതിയിൽ കേസെടുത്ത വളപട്ടണം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.