ഭൂട്ടാൻ വാഹനക്കടത്ത്: താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി; ഉടൻ നോട്ടീസ് നൽകും
Thursday, October 9, 2025 10:06 AM IST
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് യുവതാരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും.
താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ബുധനാഴ്ച നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ആർസി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടത്താണ് ഒരേസമയം പരിശോധന നടത്തിയത്. വ്യാജരേഖ ചമച്ചുള്ള ആഡംബര കാറുകളുടെ ഇടപാടില്‍ വിദേശനാണയ വിനിമയ ചട്ടലംഘനം (ഫെമ) നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.
ദുല്‍ഖറിൽനിന്ന് ഇഡി വിവരങ്ങള്‍ തേടി. ചെന്നൈയിലെ വീട്ടിലായിരുന്ന നടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇഡി നീക്കം.
അമിത് ചക്കാലയ്ക്കലിന്റെ വീട്ടിലടക്കം കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡിയുടെ പരിശോധനാ സമയത്ത് എത്തിയിരുന്നു. പരിശോധന രാത്രിവരെ നീണ്ടുനിന്നു. കോട്ടയം, തൃശൂര്‍, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.