ചിത്തരഞ്ജന് ഭിന്നശേഷിക്കാരെ അപമാനിച്ചു, മന്ത്രിമാരും എംഎൽഎമാരും നടത്തിയത് സഭ്യേതര പരാമര്‍ശമെന്ന് വി.ഡി. സതീശന്
Thursday, October 9, 2025 12:06 PM IST
തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രിമാരും ചില ഭരണപക്ഷ എംഎല്‍എമാരും സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഈ പരാമര്‍ശങ്ങളെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പി.പി. ചിത്തരഞ്ജന് എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചത്. രണ്ടുകൈയും ഇല്ലാത്ത ആളുകള്‍ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാല്‍ എന്തുംചെയ്യുമെന്നാണ് എംഎല്‍എ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമര്‍ശം നടത്തി.
മന്ത്രി ഗണേഷ്കുമാര് കിട്ടിയ അവസരത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിരോധം തീര്‍ത്തു. കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി പ്രസിഡന്റ് കൂടിയായ എം. വിന്‍സെന്റിനെക്കുറിച്ച് വളരെ തെറ്റായ പരാമര്‍ശം നടത്തി. ഇതെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നു. സ്പീക്കര്‍ ഇതിനെല്ലാം കുടപിടിച്ചുകൊടുത്തുവെന്നും സതീശൻ ആരോപിച്ചു.
വിന്‍സെന്റ് എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞുവച്ചു. അദ്ദേഹത്തിന് ശ്വാസതടസമുണ്ടായി. സനീഷ്കുമാറിന് മുറിവേറ്റുവെന്നും സതീശൻ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡിനെ നിര്‍ത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.