നിയമസഭയില്‍ ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവം: മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
Thursday, October 9, 2025 1:37 PM IST
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആൻഡ് വാര്‍ഡ് ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ എ.എൻ. ഷംസീർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നു, സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ആക്രമിച്ചു, അദ്ദേഹത്തിന് ശസ്ത്രക്രിയ വേണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷൽ ഷിബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.