ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
Thursday, October 9, 2025 4:41 PM IST
പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.
സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.