വയനാട്ടിലെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാന സർക്കാർ, കേന്ദ്രത്തിന് ഒരു റോളുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ
Thursday, October 9, 2025 4:43 PM IST
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ ആണ് വായ്പകൾ എഴുതിത്തള്ളാൻ നേതൃത്വം നൽകേണ്ടത്. കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസർവ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്റെ വായ്പകൾ കേന്ദ്രത്തിന് എഴുതിത്തള്ളാനാവില്ല. ബാങ്കുകളുടേത് ബോർഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിർബന്ധിക്കാൻ കേന്ദ്രത്തിന് അധികാരമോ റോളോ ഇല്ല.
ചോദിക്കുന്നവരും പറയുന്നവരും ഇക്കാര്യം മനസിലാകണം. വയനാട് ദുരന്തത്തിൽ ആർക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത്. സംസ്ഥാനം സബ്സിഡി നൽകുകയാണ് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.