തെരുവുനായ പ്രശ്നം: സുപ്രീംകോടതി വിധി നൽകുന്ന സാധ്യതകൾ
Thursday, September 11, 2025 12:37 AM IST
തെരുവുനായ്ക്കളുണ്ടാകുന്നത് രണ്ടു തരത്തിലാണ്. തെരുവിൽ ജനിച്ച് അവിടെത്തന്നെ വളരുന്നവ, കുറേക്കാലം വീട്ടിൽ വളർത്തി പ്രായാധിക്യമോ രോഗമോ വരുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന ക്രൂരതയുടെ ഇരകൾ
. രണ്ടാമത്തെ വിഭാഗം ഒരു കുറ്റകൃത്യത്തിന്റെ ബാക്കിപത്രമാണ്. ഈ രണ്ടു വിഭാഗത്തിലും പേവിഷബാധയുള്ളവയ്ക്ക് ദയാവധം കൊടുക്കേണ്ടിവരും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തികച്ചും കുറ്റകരമായതുപോലെ, നായ്ക്കൾ പോലെയുള്ള ജീവികളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ കഴിയണം.
തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ഇപ്പോൾ വന്നിരിക്കുന്ന സുപ്രീംകോടതി വിധി ഏറെ സഹായകമാണ്. ഇന്ന് നിലവിലുള്ള പല മുനിസിപ്പൽ നിയമങ്ങളും അവ്യക്തവും പ്രശ്നത്തെ സമഗ്രമായി പരിഗണിക്കാൻ അപര്യാപ്തവുമാണ്. ഇതിനു പരിഹാരമായി സുപ്രീംകോടതിവിധിയെ ഉപയോഗപ്പെടുത്താം. നായ്ക്കളെ പിടിച്ചു പേവിഷബാധയ്ക്കെതിരേ പ്രതിരോധ കുത്തിവയ്പും വന്ധ്യംകരണവും നടത്തിയ ശേഷം അവയെ പിടികൂടിയ സ്ഥലത്തേക്കുതന്നെ തിരികെ വിടുകയാണു ചെയ്യേണ്ടത്. 1960ലെ നിയമവും 2003ൽ പരിഷ്കരിച്ച നിയമവും ഉയർത്തിപ്പിടിച്ചുള്ള വിധിയാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്.
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകാം. എങ്കിലും അവ മറികടക്കാനുള്ള വഴി കണ്ടെത്താനാകും. കോടതി നിർദേശങ്ങൾ പാലിച്ചു തിരികെ എത്തിക്കുന്ന നായ്ക്കളെ നിരീക്ഷിക്കാനും അത്യാവശ്യം സംരക്ഷിക്കാനുമായി മേഖലാതല ദ്രുതകർമസേന വേണ്ടിവരും. വീട്ടിൽ വളർത്തുന്നവയ്ക്ക് ലൈസൻസ്, യുക്തമായ നികുതി മുതലായവ ഏർപ്പെടുത്തന്നതിൽ ന്യായമുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന പണമുപയോഗിച്ച് പ്രായംചെന്നതും രോഗം ബാധിച്ചതുമായ നായക്കൾക്ക് സംരക്ഷണകേന്ദ്രങ്ങൾ നിർമിക്കാം. തെരുവുനായ്ക്കൾക്ക് നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം ഭക്ഷണം എത്തിച്ചുനൽകുന്നതും ഗുണകരമാണ്.
പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്നു എന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരാതികൾക്കിടയിൽ നായസംരക്ഷണം അധികബാധ്യതയാകാതിരിക്കാൻ ഈ സ്ഥാപനങ്ങൾക്ക്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻഗണനാ ദൗത്യ ഫണ്ട് (priority mission fund) അനുവദിക്കാവുന്നതാണ്. മനുഷ്യാവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടുവേണം ഈ മിണ്ടാപ്രാണികൾക്കും കരുതൽ നൽകാൻ.
എമിൽ മാനുവൽ പനവേലി