കേരളത്തിന്റെ രാഷ്ട്രീയബോധം മാറണം
Wednesday, August 27, 2025 12:09 AM IST
കേരളത്തിലെ ഒരു യുവ എംഎൽഎയെക്കുറിച്ചുയർന്ന ലൈംഗിക ആരോപണങ്ങളും അതിനെക്കുറിച്ചുള്ള ചർച്ചകളും മാധ്യമങ്ങൾ കൊണ്ടാടുകയാണ്. അന്ധമായ കക്ഷിരാഷ്ട്രീയ ചിന്തയും അടുത്തു വരുന്ന തെരഞ്ഞെടുപ്പുമാണ് ഈ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളുടെ അടിസ്ഥാനം.
അതുകൊണ്ടുതന്നെ ഇതിന്റെ അവസാനം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ലൈംഗിക സംസ്കാരവും നന്നാകില്ല, രാഷ്ട്രീയവും നന്നാകില്ല. ഈ ലൈംഗിക സദാചാര, കക്ഷിരാഷ്ട്രീയ ചർച്ചകൾപ്പുറം കേരളം ഒന്നായി ചിന്തിക്കേണ്ട വിഷയം, കേരളത്തിലെ ഭാവി രാഷ്ട്രീയക്കാർ ആരായിരിക്കണം, രാഷ്ട്രീയം എന്തായിരിക്കണം എന്നതാണ്.
കേരളത്തിലെ മോശം സാമ്പത്തികസ്ഥിതിയിൽ ജീവിക്കാൻ ഇവിടത്തെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അവസരം തേടി നമ്മുടെ വിദ്യാർഥികളും അഭ്യസ്തവിദ്യരും മറുനാടുകളിലേക്കു പോകുന്നു. അവിടങ്ങളിലെ പ്രധാന സംരംഭകരായി വിജയിക്കുകയും ചെയ്യുന്നു. കൂടാതെ, അവിടത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളെ നയിക്കുന്നു. ഇതൊന്നും ഇവിടെ സാധ്യമാക്കാൻ കെൽപ്പില്ലാതെ നമ്മുടെ രാഷ്ട്രീയം വെറും വിവാദവ്യവസായത്തിൽ ഏർപ്പെട്ടു സമയം പാഴാക്കുകയാണ്.
മൊണ്ടെക് സിംഗ് അലുവാലിയ എം.എസ്. സ്വാമിനാഥനെക്കുറിച്ചെഴുതിയ ഓർമക്കുറിപ്പിൽ പറയുന്നത് ഹരിതവിപ്ലവം നടപ്പാക്കാൻ അദ്ദേഹത്തിന് ഏറ്റവും തടസം നേരിട്ടത് രാഷ്ട്രീയക്കാരിൽ നിന്നാണെന്നാണ്. അതിന്റെ പ്രധാന കാരണം അവരുടെ അജ്ഞതയായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നിർഭാഗ്യവശാൽ നമ്മുടെ രാഷ്ട്രീയ ഉപബോധത്തിൽ ഇപ്പോഴും സമരങ്ങളും അക്രമങ്ങളും ടിയർ ഗാസും പോലീസ് ബാരിക്കേഡുകളും കൈയൂക്കും നിയമലംഘനവും രാഷ്ട്രീയ പ്രസംഗങ്ങളും ചർച്ചകളും ഒക്കെയാണ് രാഷ്ട്രീയനേതൃത്വത്തിൽ എത്താനുള്ള യോഗ്യതകൾ. ഈ യുവ എംഎൽഎയും നമ്മുടെ രാഷ്ട്രീയ ‘ഭാവനാലോക’ത്തിന്റെ പൂർണ ഉത്പന്നമാണ്. ഹീറോ ആണ്. ഇതിനുത്തരവാദി അദ്ദേഹം മാത്രമല്ല, നമ്മൾ പൊതുവായി വച്ചുപുലർത്തുന്ന രാഷ്ട്രീയ ധാരണകളും നമ്മളുമാണ്. ഇപ്പോഴും ഭരണത്തിന്റെ പല മേഖലകളെക്കുറിച്ചുമുള്ള അറിവും വൈദഗ്ധ്യവും രാഷ്ട്രീയക്കാർക്ക് അന്യമാണ്. ജനകീയതയും ജനപ്രിയതയും ഒക്കെയാണ് യോഗ്യതകൾ. ഈ അടുത്ത കാലത്ത് രാഷ്ട്രീയ നേതൃത്വത്തിലേക്കുവന്ന എല്ലാ പാർട്ടിയിലും പെട്ട യുവനേതാക്കൾ ഇത്തരക്കാരാണ്. ഇപ്പോഴത്തെ തലമുതിർന്ന നേതാക്കളിൽനിന്നു മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല.
സ്വതന്ത്ര ഇന്ത്യയിൽ നമ്മൾ നമ്മെ ഭരിക്കുന്നിടത്ത് ബ്രിട്ടീഷുകാർക്കെതിരേ നടത്തിയ സമരമുറകൾക്കും അക്രമത്തിനും നിയമലംഘനത്തിനും സ്ഥാനമില്ലെന്ന് അംബേദ്കർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോഴും നമ്മൾ സ്വാതന്ത്ര്യസമര ഹാംഗ് ഓവറിലാണ്. നാം നമുക്കെതിരേതന്നെ സമരം ചെയ്തുകൊണ്ടേയിരിക്കുന്നു. കൊടിവച്ച കാറും പോലീസ് ജീപ്പുകളും അംഗരക്ഷകരും പ്രോട്ടോകോളുകളും മാത്രമായി ഭരണം മാറുന്നു. ജനവും ഇതുകണ്ട് കൈയടിക്കുന്നു. ഇത്ര മനോഹരമായ പ്രകൃതിവിഭവങ്ങളുള്ള, ഇത്ര ഉയർന്ന സാമൂഹിക സൂചികകളുള്ള കേരളം അടിക്കടി മുരടിക്കുന്നു. ഒരു പ്രശ്നത്തിനെങ്കിലും ശാസ്ത്രീയമായ പരിഹാരം കാണാൻ കഴിയാത്തവിധം ഭരണസംവിധാനം അധഃപതിച്ചിരിക്കുന്നു.
ഈ യുവ എംഎൽഎയുടെ പരാജയം കേരളത്തിന്റെ രാഷ്ട്രീയ പൊതുബോധത്തെയും ഉപബോധത്തെയും പുനഃക്രമീകരിക്കാൻ ഉപയോഗിക്കണം. അറിവും കഴിവും കൃത്യമായ യോഗ്യതയും ഉള്ളവർ ഒരു നിശ്ചിത കാലയളവിൽ സേവനം ചെയ്ത് വേതനംപറ്റി പിരിയുന്ന ജനസേവകരായി രാഷ്ട്രീയക്കാരെ മാറ്റിയെടുക്കാൻ, അത്തരം ആളുകളെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യാൻ കേരളത്തിന്റെ പൊതുബോധം രൂപപ്പെടേണ്ടതുണ്ട്. ടെക്നോക്രാറ്റുകളും കൃഷി വിദഗ്ധരും നയ രൂപകർത്താക്കളും ഇക്കണോമിസ്റ്റുകളും ആരോഗ്യ വിദഗ്ധരും എന്ജിനിയർമാരും ബിസിനസുകാരും പരിസ്ഥിതി വിദഗ്ധരും സത്യസന്ധരായ പൊതുപ്രവർത്തകരും ഒക്കെ ഇക്കൂട്ടത്തിൽ പെടും. നമുക്ക് വേണ്ടത് വെറും രാഷ്ട്രീയബോധമല്ല, മറിച്ച്, ഉയർന്ന ജനാധിപത്യബോധമാണ്.
ഡോ. പി.ജെ. തോമസ് പത്തിൽച്ചിറ, വാഴപ്പള്ളി ചങ്ങനാശേരി