ലോകത്തെവിടെയും കാണാത്ത വിദ്യാർഥിവിരുദ്ധത
Wednesday, July 16, 2025 12:24 AM IST
വിദ്യാഭ്യാസരംഗം അതിവേഗം നവീകരിക്കപ്പെടുകയും അന്താരാഷ്ട്രവത്കരിക്കപ്പെടുകയും നിർമിതബുദ്ധിപോലെയുള്ള പരീക്ഷണങ്ങളെ നേരിടാൻ തക്കവണ്ണം സജ്ജമാക്കപ്പെടുകയും ചെയ്യുമ്പോൾ, നമ്മുടെ വിദ്യാഭ്യാസ രംഗം ഇപ്പോഴും മാർക്ക്, വെയിറ്റേജ് തുടങ്ങി വളരെ നാമമാത്രമായ സാങ്കേതിക ചർച്ചകളിൽ മാത്രം ഒതുങ്ങുന്നത് അതീവ ദുഃഖകരമാണ്. നമ്മുടെ യുവജനത പഠനത്തിനും ജോലിക്കുമായി മറ്റു രാജ്യങ്ങൾ തേടിപ്പോകുന്ന അവസ്ഥ അതിന്റെ മൂർധന്യത്തിൽ എത്തിനിൽകുമ്പോഴാണ് ഇതു സംഭവിക്കുന്നത് എന്ന് ഓർക്കണം.
സർക്കാരും കോടതിയും വിദ്യാഭ്യാസവകുപ്പും മാനേജ്മെന്റും എല്ലാം വിദ്യാർഥിവിരുദ്ധ ദിശയിലാണ് നീങ്ങുന്നതെന്ന് പറയേണ്ടിവരുന്നു. അല്ലെങ്കിൽ പരീക്ഷയും കഴിഞ്ഞ്, റാങ്ക് ലിസ്റ്റ് ആയി അഡ്മിഷൻ സമയമാകുമ്പോൾ എന്തുകൊണ്ടാണ് കോടതികളും മറ്റും സജീവമായി രംഗത്തു വരുന്നത്. ലോകത്തെവിടെയും കാണാത്ത വിദ്യാർഥിവിരുദ്ധതയാണ് ഇത്. ഒരു നാടിന്റെതന്നെ ഭാവിയുടെ നശീകരണമാണിത്.
വിദ്യാർഥികളുടെ അവകാശം, മാതാപിതാക്കളുടെ ആകാംക്ഷ, അധ്യാപകരുടെ മാനം ഇതിനൊന്നും വിലയില്ലാതാക്കുന്ന നിലപാടാണിത്. ഒരു നാടിന്റെ ഭാവി നിർണയിക്കുന്നതിൽ യുവജനതയ്ക്കുള്ള പങ്കും അതിന് അവർക്ക് കൊടുക്കേണ്ട വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഒന്നും നമുക്കിപ്പോഴും മനസിലായിട്ടുണ്ടെന്ന് തോന്നുന്നില്ല. പടിക്കൽ കലമുടയ്ക്കുന്ന ഈ രീതി മാറേണ്ടതുണ്ട്.
സ്വാതന്ത്ര്യം കിട്ടി ഇത്രയും നാൾ കഴിഞ്ഞിട്ടും, ഇത്രയും സാങ്കേതികവിദ്യ വികസിച്ചിട്ടും ഈവക കാര്യങ്ങളിൽ കൃത്യമായ ഒരു വ്യവസ്ഥ രൂപീകരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തീർത്തും ലജ്ജാകരമാണ്. കോടതിയായാലും സർക്കാരായാലും തലേദിവസം കാര്യങ്ങൾ തീരുമാനിച്ച് വിദ്യാർഥികളെ വഴിയാധാരമാക്കുന്ന പതിവ് ഉപേക്ഷിച്ച്, ഈ വക കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് തീരുമാനങ്ങൾ എടുക്കാൻ പറ്റിയ ഒരു സംവിധാനം ഉണ്ടാക്കണം.
“തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും” എന്ന് പറയുന്നതുപോലെ ഭാവിയിലെങ്കിലും സർക്കാരും കോടതിയും ഇത്തരത്തിൽ പ്രവർത്തിക്കാതിരിക്കാൻ, ഇവരെല്ലാം ഉൾപ്പെടുന്ന ഒരു സംവിധാനത്തിൽ, മറ്റു വിദഗ്ധരെയും കൂട്ടി ഇതിനെല്ലാം ഒരു പരിഹാരമുണ്ടാക്കേണ്ടത് ആവശ്യമാണ്. ഓരോ വർഷവും ഇത് കോടതിയും സർക്കാരും തമ്മിലുള്ള ചക്കളത്തി പോരാകുന്നത് തീർത്തും അപലപനീയമാണ്. പ്രത്യേകിച്ച്, കേരളംപോലെ സാക്ഷരതയുള്ള സംസ്ഥാനത്തിന് ഇത് തീർത്തും നാണക്കേടാണ്.
പ്രഫ. പി.ജെ. തോമസ് പത്തിൽച്ചിറ, ചങ്ങനാശേരി