മനഃസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ
Wednesday, February 26, 2025 11:53 PM IST
ദിവസവും വാർത്തകളിൽ നിറയുന്നത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ്. കുട്ടികളിലും മുതിര്‍ന്ന വിദ്യാര്‍ഥികളിലുമടക്കം കുറ്റവാസന കൂടിവരുന്നു എന്നാണ് ഈ വാര്‍ത്തകളില്‍നിന്നു വ്യക്തമാകുന്നത്. കുറ്റവാസനയുള്ള യുവാക്കളുടെയും മുതിര്‍ന്നവരുടെയും എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. നമുക്ക് ലഭിച്ചിട്ടുള്ള ജീവിത സാഹചര്യങ്ങളിൽ സംതൃപ്തി കാണാതെ ഇല്ലാത്തതിനെക്കുറിച്ച് അസ്വസ്ഥത കാണിക്കുന്നവരായി നമ്മുടെ യുവതലമുറ മാറുകയാണ്.
യുവതലമുറ സ്വന്തം കാര്യം മാത്രം നോക്കാനും എങ്ങനെയെങ്കിലും പണം സമ്പാദിക്കാനും സുഖങ്ങൾ ആസ്വദിക്കാനും മാത്രം താത്പര്യമുള്ളവരായിത്തീരുന്നു. രാജ്യം വിട്ടുപോകാൻ താത്പര്യം കാണിക്കുന്നവരായി മാറുകയാണ് അഭ്യസ്തവിദ്യരായ നമ്മുടെ യുവതലമുറ. മനസ് തുറന്നു സംസാരിക്കാനും സന്തോഷത്തോടെയും സംതൃപ്തിയോടെയും ചിരിക്കാനും കഴിവില്ലാത്തവരായി യുവതലമുറ മാറുന്നത് അപകടകരമാണ്.
പല കുറ്റകൃത്യങ്ങളും പൊതുതാത്പര്യങ്ങളെ ഹനിക്കുന്നതാണ്. സദാചാരമൂല്യങ്ങളെ തകര്‍ത്തെറിയുന്ന കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. മോഷണം, സദാചാര പോലീസ്, മദ്യവും മറ്റ് ലഹരി വസ്തുക്കളുടെ ലഭ്യതയും ഉപയോഗവും എന്നിവയും കൂടുന്നു.
കുട്ടികളില്‍ കുറ്റവാസന കൂടിവരുന്നതിനു പിന്നില്‍ ചുറ്റുപാടുകള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ചില കുട്ടികള്‍ ജന്മനാ കുറ്റവാസനയുള്ളവരായിരിക്കും. വീട്ടിലെ അസ്വസ്ഥതകള്‍ നിറഞ്ഞ അന്തരീക്ഷം മറ്റൊരു ഘടകമാണ്. കുറ്റവാസനയുള്ള കുട്ടികളുമായുള്ള സഹവാസവും പ്രധാനപ്പെട്ട വിഷയമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ മുന്പില് സ്ഥിരം വഴക്കു കൂടുന്നവരാണെങ്കില്, കുട്ടികളില്‍ അസ്വസ്ഥതകളും കുറ്റവാസനയും ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.
ശാസ്ത്രബോധത്തിന്റെ കുറവും അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും ശരിയായ വ്യാഖ്യാനങ്ങളിലൂടെ ആത്മീയ അറിവുകൾ ലഭിക്കാതിരിക്കുന്നതും കുട്ടികളിലും മുതിർന്നവരിലും കുറ്റവാസന വർധിപ്പിക്കും. കുറ്റവാളികളായ കുട്ടികളെ കണ്ടെത്തുകയാണെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവര്‍ വളരുന്ന പരിതസ്ഥിതിയായിരിക്കണം. അവരുടെ വീട്, വീട്ടിലുള്ളവരുടെ സ്വഭാവം, കുട്ടികളുടെ ശാരീരികവും മാനസികവുമായുള്ള ആരോഗ്യം, കൂട്ടുകെട്ടുകള്‍ എന്നിവ ശ്രദ്ധിക്കണം.
കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളര്‍ച്ച മികവുറ്റതാക്കുന്നതിനു വേണ്ട പരിശീലനങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തണം.
അങ്കണവാടികളില്നിന്നുതന്നെ ഇതൊക്കെ ആരംഭിക്കണം. പ്രാദേശിക ഭരണകൂടങ്ങളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ഓരോ വാർഡിലും താമസിക്കുന്ന സന്നദ്ധ ബഹുജന പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ, ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, മനഃശാസ്ത്ര വിദഗ്ധർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം.
ഡോ. എം.പി. മണി കൂനത്തറ, ഷൊർണൂർ