പോണോഗ്രഫിയും ജെൻഡർ ആശയങ്ങളും ധാർമികാധഃപതനവും
Saturday, September 13, 2025 12:39 AM IST
റവ. ഡോ. ടോം കൈനിക്കര എഴുതിയ "പോണോഗ്രഫിയും ജെൻഡർ ആശയങ്ങളും ലോകം ചുറ്റുന്ന പെരുംനുണകൾ' എന്ന ലേഖന പരമ്പര സമൂഹത്തിന്റെ ആരോഗ്യപരവും ധാർമികവുമായ അഭ്യുന്നതി ആഗ്രഹിക്കുന്ന വ്യക്തികളെ കൂടുതൽ ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്യുന്നു. കാലോചിതമായ പ്രസ്തുത വിഷയങ്ങൾ സമൂഹ മനഃസാക്ഷിക്കു മുമ്പിൽ നിരത്താൻ ലേഖനകർത്താവും ദീപികയും കാട്ടിയ ഔത്സുക്യം അഭിനന്ദനീയമായിരിക്കുന്നു.
തലമുറകളെ നിത്യരോഗികളാക്കുന്ന മദ്യരാസലഹരി മരുന്നുപയോഗം, സെക്സ് അഡിക്ഷൻ ഇവയെ സംബന്ധിച്ച് വർധമാനമായി വരുന്ന നുണപ്രചാരണങ്ങൾ യഥാർഥത്തിൽ ഭയാനകമായി മാറിക്കൊണ്ടിരിക്കുന്നു. തലമുറകളുടെ അന്തകർക്ക് തടയിടാൻ ഭരണാധികാരികൾ പരാജയപ്പെടുന്നു.
വർഷങ്ങൾക്കു മുൻപ് ഒരു യുവാവിനു ബോധപൂർവമായ ശ്രമത്തിലൂടെ മാത്രമേ പോണോഗ്രഫി ചിത്രീകരിച്ചിരുന്ന ഫിലിം കാണാൻ സാധിച്ചിരുന്നുള്ളുവെങ്കിൽ ഇന്നത് കൊച്ചുകുട്ടികൾക്കുപോലും മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും സ്വന്തം ഇഷ്ടപ്രകാരം ഏതു സമയത്തും കാണാവുന്ന രീതിയിലെത്തിയിരിക്കുന്നു!
ഇവ മൂലം തലമുറകളെ ബാധിക്കുന്ന ശാരീരികമാനസികബൗദ്ധികആധ്യാത്മിക തലങ്ങളിലെ അപകടങ്ങൾക്കു തടയിടാൻ രാഷ്ട്രീയആത്മീയ നേതാക്കൾക്കും നീതിന്യായ പാലകർക്കും വിദ്യാഭ്യാസ വിചക്ഷണന്മാർക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ നടത്തിയ പഠനങ്ങൾ ലേഖനകർത്താവ് അക്കമിട്ട് നിരത്തുന്നുണ്ട്. ഇന്ന് ലോകമെങ്ങും കൊടികുത്തിവാഴുന്ന അസന്മാർഗികതയ്ക്കും ബലാത്സംഗങ്ങൾക്കും ലൈംഗിക അരാജകത്വത്തിനും കൊലപാതകങ്ങൾക്കും കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല.
അതിനാൽ ഈ അവസ്ഥയുടെ അപകടം എല്ലാ സമുദായങ്ങളിലുമുള്ള മാതാപിതാക്കൾക്കും പ്രത്യേകിച്ച് യുവ ദമ്പതിമാർക്കും അധ്യാപകർക്കും അവരിലൂടെ കുട്ടികൾക്കും പങ്കുവയ്ക്കപ്പെടേണ്ടിയിരിക്കുന്നു.
എന്തിനെയും ന്യായീകരിക്കുന്ന ഒരു പ്രവണത സമൂഹത്തിലുണ്ട്; പൊതു മാന്യവത്കരണം. മദ്യപിച്ചാൽ, ഇന്നാരാണ് കുടിക്കാത്തത് എന്നും കുടുംബങ്ങളിൽ അവിശ്വസ്തതയും കലഹവും കൊലപാതകവും അരങ്ങേറുമ്പോൾ, ഏതു കുടുംബത്തിലാണ് വഴക്കില്ലാത്തത്? എന്നുമാകും അവർ. അതുപോലെ, പോൺ അഡിക്ഷനിൽ കുട്ടികളും യുവാക്കളും വഴുതിവീഴുമ്പോൾ അവർ ചോദിക്കും ഇതത്ര വലിയ കാര്യമാണോ? സർജറിയിലൂടെ ലിംഗമാറ്റങ്ങൾ നടത്തപ്പെടുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഇക്കൂട്ടർ പറയും അത് നമ്മുടെ കാര്യമല്ലല്ലോ?
ഈശ്വരനിഷേധവും മൂല്യത്തകർച്ചയും ധാർമിക അധഃപതനവും നിഷേധാത്മകമായ മാധ്യമ സംസ്കാരവും സമൂഹത്തിന്റെ ഈ ദുർഗതിക്ക് ആക്കം കൂട്ടുന്നു. തിന്മയെ നന്മയെന്നും അന്ധകാരത്തെ പ്രകാശമെന്നും അസത്യത്തെ സത്യമെന്നും വിളിച്ച് പെരുംനുണകളാൽ പരിപാവനമായ സ്ത്രീപുരുഷ ബന്ധത്തെയും കുടുംബങ്ങളെയും തകർക്കുന്ന ക്ഷുദ്രശക്തികളെ നിർവീര്യമാക്കാൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, സമുദായ വ്യത്യാസമില്ലാതെ, ജാതിവർണവിവേചനമില്ലാതെ സുമനസുകൾ തലമുറകളുടെ രക്ഷയ്ക്കും നിലനില്പിനുമായി അണിചേരേണ്ടിയിരിക്കുന്നു.
ആന്റണി തോമസ് മലയിൽ, ചീരംചിറ