കേരള യൂണിവേഴ്സിറ്റി: കുട്ടികൾക്കുണ്ടാക്കിയ നഷ്ടം എന്നു പരിഹരിക്കാനാകും?
Wednesday, August 20, 2025 12:26 AM IST
കേരള യൂണിവേഴ്സിറ്റിയിൽ അരങ്ങേറുന്ന ഏറ്റവും നാശകരമായ രാഷ്ട്രീയപോരാട്ടവും വ്യർഥമായ ഈഗോ ക്ലാഷും സുപ്രീം കോടതി ഇടപെടേണ്ട അവസ്ഥ വരെയെത്തി. ഇനിയെങ്കിലും ഇതിന് പരിഹാരമാകുമോ എന്നറിയില്ല.
ഈ ഭരണ സ്തംഭനം കുട്ടികൾക്കുണ്ടാക്കിയ നഷ്ടവും, അതിലുപരി ഒരു യൂണിവേഴ്സിറ്റി എന്ന നിലയിലെ വിശ്വാസ്യതയുടെ ഇടിവും എന്നു പരിഹരിക്കാനാകും. ജനങ്ങൾ യൂണിവേഴ്സിറ്റി ഭരിക്കാൻ ഏല്പിച്ചവർ എന്ത് ഐഡിയോളജിയുടെ പേരിലായാലും ഇങ്ങനെ നശീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
വ്യക്തിതാത്പര്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കും ഐഡിയോളജിയുടെ പേര് ഉപയോഗിക്കുന്നേയുള്ളൂ എന്ന് കരുതണം. ഇത്തരം പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു പരിഹരിക്കാൻ പറ്റാത്തവർ ഈ ഭരണസംവിധാനത്തിന് യോജിച്ചവരല്ലെന്ന് അവർതന്നെ തെളിയിക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി വരുന്ന സുപ്രീംകോടതി ജസ്റ്റീസിന്റെ സിറ്റിംഗ് ഫീസായ മൂന്ന് ലക്ഷം ഉൾപ്പെടെ, യൂണിവേഴ്സിറ്റിക്കുണ്ടായ നഷ്ടം ഇതിനു കാരണക്കാരായവരിൽനിന്ന് ഈടാക്കണം.
സാധാരണക്കാരുടെ നികുതിപ്പണം ഇതിനായി ഉപയോഗിക്കുന്നത് ധാർമികമല്ല. വേലിയെതന്നെ വിളവ് തിന്നാൻ അനുവദിക്കരുത്. ഏത് ഭരണ സംവിധാനത്തിലേക്കും ഇടിച്ചുകയറാനുള്ളവരുടെ തിരക്ക് കൂടുതലാണ്. പക്ഷേ, കയറിക്കഴിഞ്ഞ് ആരും ഉത്തരവാദിത്വമുള്ളവരായി കാണുന്നില്ല. അധികാരം അവകാശങ്ങളും പ്രത്യേകാനുകൂല്യങ്ങളും മാത്രമല്ല, ഉത്തരവാദിത്വവും അതു നിറവേറ്റാനുള്ള പ്രാപ്തിയും കൂടിയാണെന്ന് ബോധ്യപ്പെടുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. മാലാഖമാർ കാലു ചവിട്ടാൻ മടിക്കുന്നിടത്ത്, മറ്റുള്ളവർ (വിഡ്ഢികൾ )തള്ളിക്കയറുന്നു എന്നുള്ള കവി അലക്സാണ്ടർ പോപ്പിന്റെ വാക്കുകൾ എത്രയോ പ്രസക്തം.
പ്രഫ. ഡോ. പി.ജെ. തോമസ് പത്തിൽച്ചിറ, വാഴപ്പള്ളി ചങ്ങനാശേരി