രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളിലെ ചോദ്യങ്ങളുടെ കാഠിന്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളാണ് ഇപ്പോൾ കേരളത്തിലെന്പാടും.
വിദ്യാർഥികളുടെ പഠനനിലവാരം കോവിഡിന് ശേഷം തകർച്ചയുടെ പടുകുഴിയിലേക്ക് പതിച്ചു എന്ന വിലാപം അധ്യാപകർക്കിടയിലും വിദ്യാഭ്യാസ വിദഗ്ധർക്കിടയിലും പൊതുസമൂഹത്തിലും കുറച്ചുകാലമായി മുഴങ്ങിക്കേൾക്കാറുണ്ടായിരുന്നല്ലോ. ചോദ്യപേപ്പറുകളിലും മൂല്യനിർണയത്തിലും ഉദാരവത്കരണം ആരംഭിച്ചതോടുകൂടിയാണ് നമ്മുടെ വിദ്യാഭ്യാസ നിലവാരം താഴേക്ക് പതിക്കാൻ തുടങ്ങിയതെന്ന കാര്യം നിസ്തർക്കമാണ്. അങ്ങനെയാണ് അക്ഷരങ്ങൾ അറിയാത്തവരും കൂട്ടാനും കുറയ്ക്കാനുംപോലും അറിയാത്തവരുമായ കുട്ടികൾ പ്ലസ് വണ്ണിലേക്ക് കടന്നുവരാൻ ആരംഭിച്ചത്.
ഈയൊരു പശ്ചാത്തലത്തിലാണ് പരീക്ഷാ സന്പ്രദായത്തിൽ കൊണ്ടുവന്ന പുതിയ മാറ്റം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നത്. (പരീക്ഷകളുടെ നിലവാരം ഉയർത്താൻ തീരുമാനിച്ച കാര്യം അധ്യാപകരെയും വിദ്യാർഥികളെയും വേണ്ടത്ര ഗൗരവത്തോടെ മുൻകൂട്ടി അറിയിച്ചില്ലെന്ന ആരോപണം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.)
ഒടുവിൽ ചർച്ചകൾ ശരിയായ ദിക്കിലേക്ക് എത്തിച്ചേരുന്നു. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ഓൾപ്രമോഷനില്ല എന്ന തീരുമാനം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രായോഗികമാകട്ടെ. പരീക്ഷകൾ നല്ല നിലവാരത്തിൽതന്നെ നടക്കട്ടെ. ആവർത്തനചോദ്യങ്ങൾ ഒഴിവാകട്ടെ. പ്രധാനപ്പെട്ട ഭാഗങ്ങൾ, അപ്രധാന ഭാഗങ്ങൾ എന്നിവ നോക്കാതെ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങൾ വരട്ടെ. ആപ്ലിക്കേഷൻ ലെവൽ ചോദ്യങ്ങൾ ഉണ്ടാകട്ടെ. മൂല്യനിർണയം കർശനമായിത്തന്നെ നടക്കട്ടെ. മോഡറേഷനുകളും മാർക്ക്ദാനങ്ങളുമില്ലെന്നാകട്ടെ. ഇങ്ങനെയൊക്കെ വരുന്പോൾ ഇതര സിലബസുകാരെപ്പോലെതന്നെ എൻസിഇആർടി സിലബസ് മുഴുവനും പഠിപ്പിക്കാൻ അധ്യാപകർ തയാറാവും. സിലബസ് പൂർണമായും പഠിക്കാൻ കുട്ടികളും നിർബന്ധിതരാകും.
എൻട്രൻസ് പരീക്ഷയുടെ മാർക്ക് ഏകീകരണത്തിൽ സ്റ്റേറ്റ് സിലബസ് പുറകിൽ പോകാതിരിക്കും. നമ്മുടെ സംസ്ഥാനത്തുനിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ പോകുന്ന കുട്ടികൾ അവിടെ രണ്ടാം തരം പൗരന്മാരായി പരിഗണിക്കപ്പെടാതിരിക്കും. മറ്റു സിലബസുകളിൽനിന്ന് സ്റ്റേറ്റ് സിലബസിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് പുനരാരംഭിക്കും. സയൻസ് ബാച്ചുകളിലെ ഓൾ പാസിനടുത്തുള്ള വിജയശതമാനം കണ്ടു ഭ്രമിച്ച് അഭിരുചിയോ താത്പര്യമോ ഇല്ലാതിരുന്നിട്ടും സയൻസിൽ ചേർന്നിരുന്ന കുറെയധികം കുട്ടികൾ എങ്കിലും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ ചേരാൻ തയാറാകും. സ്റ്റേറ്റ് സിലബസിൽ പ്ലസ് ടു ബാച്ച് തോൽവികൾ ഇല്ലെന്നാകും.
നമ്മുടെ യുവാക്കളുടെ ബൗദ്ധിക ശേഷിയും ഉയർന്ന വിദ്യാഭ്യാസ നിലവാരവുമാണ് മലയാളികൾക്ക് ലോകത്തെന്പാടും കടന്നുചെല്ലാനും ചെന്ന ഇടങ്ങളിലെല്ലാം മേധാവിത്വം പുലർത്താനും സാഹചര്യമൊരുക്കിയത്. വിദ്യാഭ്യാസം, അതിലാണ് കേരളത്തിന്റെ ഭാവി. അടുത്ത തലമുറയ്ക്ക് നമുക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിൽ വിവിധ സിലബസുകൾക്കിടയിലുള്ള തരംതിരിവ് ഒഴിവാക്കപ്പെടട്ടെ. എല്ലാം ശുഭമാകട്ടെ.
രാജേഷ് കെ. മൂന്നിലവ്