അവരും മനുഷ്യരല്ലേ?
Tuesday, June 24, 2025 12:39 AM IST
2025 ജൂൺ 19ന് ദീപികയുടെ ‘തമസ്കരണത്തിന്റെ അനീതി’ എന്ന എഡിറ്റോറിയൽ വായിച്ചപ്പോൾ ആഫ്രിക്കയിൽ ശുശ്രൂഷ ചെയ്യുന്ന മിഷണറി എന്ന നിലയിൽ ഒരു പ്രതികരണം അനിവാര്യമെന്നു തോന്നി. ഈ വിഷയം ഉയർത്തുന്ന ചില ചിന്തകളാണീ കുറിപ്പിനാധാരം.
ലോകത്തിലെതന്നെ ഏറ്റവും നവീന ഗണമാണ് ആഫ്രിക്കയിലെ ക്രൈസ്തവർ. കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുമടങ്ങുന്ന ക്രിസ്തീയ സഭകൾ മറ്റു ഭൂഖണ്ഡങ്ങളേക്കാൾ ക്രൈസ്തവ അംഗസംഖ്യയുള്ള ഭൂഖണ്ഡമായി മാറിയിട്ട് അധിക കാലമായില്ല. നൂറു വർഷങ്ങൾക്കു മുന്പ് വെറും 20 ലക്ഷം മാത്രമായിരുന്ന ആഫ്രിക്കയിലെ കത്തോലിക്കർ 230 ലക്ഷത്തോളമായി വളർന്ന സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ പ്രത്യാശയുടെ വിളക്കായി വത്തിക്കാൻ ആഫ്രിക്കയെ വിശേഷിപ്പിച്ചിരിക്കുന്നു.
കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഇന്ന് ഏറ്റവുമധികം കടന്നുവരുന്നവരും ആഫ്രിക്കയിൽനിന്നാണ്. പരന്പരാഗത ഗോത്രവിഭാഗങ്ങളിൽനിന്നുമാണ് ക്രിസ്തുവിനെയും ക്രൈസ്തവ സഭകളെയും അറിഞ്ഞവർ വിശ്വാസത്തിലേക്കു കടന്നുവന്നത്. മറ്റു മതവിശ്വാസങ്ങളിലുള്ളവരെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ല.
എന്നാൽ, തങ്ങൾക്കൊപ്പമല്ലെങ്കിൽ മറ്റാർക്കുമൊപ്പം ഉണ്ടാവരുതെന്ന ഇടുങ്ങിയ ചിന്താഗതിയിൽനിന്നാവാം ആഫ്രിക്കയിൽ ഈയടുത്ത കാലങ്ങളിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധമുള്ള ഖേദകരമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. ഞങ്ങൾ ശുശ്രൂഷ ചെയ്യുന്ന ടാൻസാനിയ, മലാവി പോലെയുള്ള രാജ്യങ്ങളിൽ വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം നിലനിൽക്കുന്പോഴും നൈജീരിയ, സോമാലിയ തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾ കൃത്യമായി ആവിഷ്കരിക്കപ്പെടുന്നു.
ബൊക്കൊ ഹറാം, ഐഎസ്ഐസ്, അൽക്വയ്ദ, ഫുലാനി ജിഹാദിസ്റ്റുകൾ എന്നിങ്ങനെ ഇസ്ലാമിക് തീവ്രസംഘടനകൾ പുലർത്തുന്ന അസഹിഷ്ണുത ക്രൈസ്തവ വിശ്വാസത്തിനുമേൽ കരിനിഴൽ വീഴ്ത്തുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ശിരഛേദം ചെയ്തും വെട്ടിനുറുക്കിയും കൊലചെയ്യപ്പെട്ടവർ, മതം മാറാൻ നിർബന്ധിതമായവർ, വിലപേശലിനോ ലൈംഗിക അടിമകളാക്കുന്നതിനോവേണ്ടി തട്ടിക്കൊണ്ടു പോകപ്പെട്ടവർ നിരവധിയാണ്. വംശീയമായ ശുദ്ധികലശം എന്ന പേരിലാണ് തീവ്രസംഘടനകൾ ഈ പ്രവൃത്തികൾ നടപ്പിലാക്കുന്നത്.
ആഫ്രിക്കൻ വൻകരയിൽതന്നെ ഏറ്റവുമധികം വംശഹത്യ നടത്തുന്ന രാജ്യമാണ് നൈജീരിയ. ഓരോ വർഷവും ആയിരക്കണക്കിന് ക്രൈസ്തവർ അവിടെ കൊലചെയ്യപ്പെടുന്നുണ്ട്. അവർക്കുവേണ്ടിയുള്ള സഭയുടെ രോദനം അന്താരാഷ്ട്ര മാധ്യമങ്ങളിലോ ലോകപ്രതിനിധി സഭകളിലോ കേൾക്കാറില്ല.
ചരിത്രത്തിലുടനീളം യുദ്ധങ്ങളും ആക്രമണങ്ങളും വംശഹത്യകളും നടന്നിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര നിയമങ്ങളും സംവിധാനങ്ങളും ഇത്രമാത്രം ശക്തമായിട്ടുള്ള ഈ ആധുനിക കാലഘട്ടത്തിലും വംശഹത്യകളും വംശീയ കലാപങ്ങളും തുടരുന്നത് തികച്ചും അപലപനീയമാണ്. ഒരു യുദ്ധവും അതേതു രാജ്യമായാലും ഏതു മതരാഷ്ട്രീയ സംവിധാനത്തിനുമെതിരേ ആയാലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല.
ഇസ്രയേൽഇറാൻ യുദ്ധവും റഷ്യയുക്രെയ്ൻ യുദ്ധവും ഇന്ത്യപാക്കിസ്ഥാൻ പ്രശ്നങ്ങളുമെല്ലാം ലോകശ്രദ്ധയിലിടം പിടിക്കുന്നു. മിസൈലുകളുടെ എണ്ണവും വണ്ണവും മരണസംഖ്യയും വാർത്താമാധ്യമങ്ങളിൽ നിരന്തരം ചർച്ചയാവുന്നു. എന്നാൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചുകൊണ്ടിരിക്കുന്നവർ അറിയാഞ്ഞിട്ടോ അഥവാ ബോധപൂർവം അവഗണിച്ചതുകൊണ്ടോ വാർത്തകളിലെവിടെയും ഇടംപിടിക്കാതെപോയ കഥകളേറെ.
വാർത്തകളിലിടം പിടിക്കാനുള്ള യോഗ്യതയില്ലാത്തവരാണോ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊലചെയ്യപ്പെടുന്ന ക്രൈസ്തവർ? പലസ്തീനുവേണ്ടിയും ഇറാനുവേണ്ടിയും ശബ്ദിക്കുന്ന മതനിരപേക്ഷരായ കേരള രാഷ്ട്രീയ പാർട്ടികളോ മാധ്യമങ്ങളോ ഈ ക്രൂരകൊലപാതകങ്ങൾ കാണാതെപോകുന്നതെന്തേ? ഇതാണോ തുല്യനീതി? ഇതാണോ മതനിരപേക്ഷത?
ഫാ. ജോബി മുട്ടത്തിൽ ടാൻസാനിയ