എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ കഴുത്ത് ഞെരിക്കുന്നു
Saturday, October 11, 2025 4:24 AM IST
സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ കഴുത്ത് ഞെരിച്ചു കൊല്ലുകയാണ്. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപക നിയമനം തടസപ്പെടുത്തുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളെ തകർക്കാൻകൂടി ശ്രമിക്കുകയാണ്. മതിയായ അധ്യാപകരെ നിയമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂളുകൾ നാഥനില്ലാക്കളരിയായി മാറും.
മന്ത്രിയുടെ ഭാഷയിൽ 7000 ഭിന്നശേഷി വേക്കൻസികൾ ഉണ്ട്. ഇവിടെ 500 പേരെ വയ്ക്കാൻ പോലും സർക്കാരിന് കഴിയാത്ത സാഹചര്യമുള്ളപ്പോൾ കഴിഞ്ഞ ആറു വർഷമായി എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന16000 പേരുടെ നിയമനങ്ങൾ എന്തിന് തടസപ്പെടുത്തണം. അധ്യാപകരില്ലാതെ എങ്ങനെ സ്കൂളുകൾ നടത്തുമെന്നുകൂടി മന്ത്രി പറഞ്ഞു തരണം.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയോട് ചിറ്റമ്മനയം കാണിക്കുന്നത് ഇടത്വലത് വ്യത്യാസമില്ലാതെ ഗവൺമെന്റുകൾ തുടരുന്ന നയമാണ്.
2000 വരെ സ്കൂളിൽ കുട്ടികളുടെ പഠന ആവശ്യത്തിനായി, സ്കൂൾ ഗ്രാന്റ്, ടീച്ചർ ഗ്രാന്റ് എന്നിവ നാമമാത്രമായി എങ്കിലും നൽകിയിരുന്നു. എന്നാൽ ഇത് പൂർണമായി നിർത്തലാക്കിയിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്നത് നാമമാത്രമായ മെയ്ന്റനൻസ് ഗ്രാന്റ് മാത്രം. ഇത് എൽപി സ്കൂളിൽ ഒരു കുട്ടിക്ക് 40 രൂപയും യുപി, ഹൈസ്കൂളിൽ 60 രൂപയും മാത്രം. ഈ തുകകൊണ്ട് എല്ലാം നടത്തണമെന്നാണ് സർക്കാർ ഭാഷ്യം. എൽഎൽഎ ഫണ്ടും എംപി ഫണ്ടും നാമമാത്രമായി മാത്രം ലഭിക്കും.
ഇത് കംപ്യൂട്ടർ, ടോയ്ലറ്റ്, കിച്ചൻ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തി. കെട്ടിടം പണിയാനോ ക്ലാസ്മുറി പണിയാനോ സ്കൂൾ ബസ് വാങ്ങാനോ ഈ പണം തരില്ലായെന്നതാണ് സർക്കാർ നയം. സർക്കാർ സ്കൂളുകൾക്കും അവിടെ പഠിക്കുന്ന കുട്ടികൾക്കും ഇതെല്ലാം ലഭിക്കും. വിദ്യാർഥികളെ അവർ പഠിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ തരംതിരിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് അംഗീകരിക്കാവുന്നതല്ല. ത്രിതല പഞ്ചായത്തിന്റെ പണവിനിയോഗത്തിലും ഈ വേർതിരിവ് ഉണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളോടുള്ള ഈ സമീപനം മാറണം.
1979ന് ശേഷം പ്രവർത്തനമാരംഭിച്ച സ്കൂളുകൾ 50 വർഷമാകാറായിട്ടും ഇന്നും അറിയപ്പെടുന്നത് ‘ന്യൂ സ്കൂൾ’ എന്നാണ്. ന്യൂ സ്കൂളിൽ അധ്യാപക നിയമനത്തിൽ ചില പ്രത്യേകതകൾ ഉണ്ട്. ഇവിടെ ഒരു പോസ്റ്റ് സംരക്ഷിത അധ്യാപകർക്കു വേണ്ടി എന്നും മാറ്റിയിടണം. സംരക്ഷിത അധ്യാപകരായി ആരും സംസ്ഥാനത്ത് ഇല്ലാതായിട്ടും സംരക്ഷിതാധ്യാപകർക്കായി വേക്കൻസി മാറ്റിയിടണം. കൂടാതെ 10/10 എന്ന ഉത്തരവ് പ്രകാരം എയ്ഡഡ് സ്കൂളിൽ ഉണ്ടാകുന്ന ഒഴിവുകൾ 1:1 എന്ന അനുപാതത്തിൽ സംരക്ഷിത അധ്യാപകർക്കു വേണ്ടി മാറ്റിവയ്ക്കണം.
പ്രഥമാധ്യാപരെ ക്ലാസ് ചാർജിൽനിന്ന് ഒഴിവാക്കുന്ന ഒഴിവിലും സംരക്ഷിതാധ്യാപകരെ നിയമിക്കണം. ചുരുക്കത്തിൽ എയ്ഡഡ് സ്കൂളിലെ ഭൂരിഭാഗം ഒഴിവുകളും സർക്കാർ കൈവശമാക്കിയിരിക്കുകയാണ്. അൺ ഇക്കണോമിക് സ്കൂളുകളിൽ സ്ഥിരനിയമനവും ട്രാൻസ്ഫറും പറ്റില്ലതാനും. ഫലത്തിൽ എയ്ഡഡ് സ്കൂളുകളുടെ കഴുത്തു ഞെരിച്ച് ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ഇങ്ങനെ ഭാവനാശൂന്യങ്ങളായ ഉത്തരവുകളിലൂടെ സ്കൂളുകളിൽ സ്ഥിരം അധ്യാപകർക്ക് പകരം ദിവസക്കൂലി അധ്യാപകരെ സൃഷ്ടിക്കുന്നത് വഴിയും അർഹമായ അധ്യാപക നിയമനങ്ങൾ അംഗീകരിക്കാൻ അനാവശ്യമായ കാലതാമസം വരുത്തിക്കൊണ്ടും പ്രതിഫലം ഒന്നുമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന അധ്യാപകരുടെ എണ്ണം ദിവസം പ്രതി വർധിപ്പിക്കുകയും ചെയ്തു കൊണ്ട് വിദ്യാഭ്യാസ ഗുണനിലവാരംതന്നെ തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുവാൻ അവകാശവും അർഹതയും ഉള്ള സാധാരണക്കാരായ കുട്ടികളോടുള്ള നീതിനിഷേധമാണ് ഇതിലൂടെ സംഭവിക്കുക.
ഇടുക്കി രൂപത ജാഗ്രതാ സമിതി