അധികാരികളുടെ അടിയന്തരശ്രദ്ധയ്ക്ക്
Saturday, July 5, 2025 12:11 AM IST
കൊച്ചി നിയോജകമണ്ഡലം എംഎൽഎ കെ.ജെ. മാക്സി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എന്.എസ്.കെ. ഉമേഷ് എന്നിവരുടെ ശ്രദ്ധയ്ക്ക്:
1) ചെറിയകടവു വരെയുള്ള കടൽഭിത്തി പണി നടക്കുമ്പോൾതന്നെ സിഎംഎസ് മുതൽ വെളി വരെയുള്ള ഇടങ്ങളിലെ പൊളിഞ്ഞുകിടക്കുന്ന കല്ലുകൾ കടൽഭിത്തികളിൽ എടുത്തുവച്ച് വിടവുകൾ നികത്തി കടലിന്റെ രൂക്ഷത കുറയ്ക്കാനുള്ള ശ്രമങ്ങളും നടക്കുമോ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അതിനുള്ള നിർദേശം കൊടുക്കുമോ? ഇല്ലെങ്കിൽ അടുത്ത കാലവർഷത്തിന് അവിടങ്ങളിലെ ജനം ചെളിയിലും വെള്ളത്തിലും ഇഴയേണ്ടിവരും. നിങ്ങൾ അവരെ ആ ദുരന്തത്തിന് വിട്ടുകൊടുക്കുമോ?
2) ഇനിയുള്ള ഭാഗത്തെ കടൽഭിത്തി പണിയാനുള്ള പദ്ധതിയിടലും പണം വകയിരുത്തലും ചെയ്യാൻ ഇതിനിടയിൽ നിങ്ങൾ മുന്നോട്ടുവരുമോ? അതോ, ഇനിയും സമരങ്ങളും പ്രതിഷേധങ്ങളും ശാപങ്ങളുമായി തീരദേശജനത ഇറങ്ങിയാലേ അതു പരിഗണിക്കുകയുള്ളൂ എന്നാണോ?
3) തീരസംരക്ഷണ കാര്യത്തിലുള്ള പോർട്ട് ട്രസ്റ്റിന്റെയും എൽഎൻജിയുടെയും ഉത്തരവാദിത്വം നിറവേറ്റാൻ അവരെ നിങ്ങൾ നിർബന്ധിക്കുമോ, ബോധ്യപ്പെടുത്തുമോ?
4) 592 കി.മീ. വരുന്ന കേരളതീരം കൃത്യമായും സമയബന്ധിതമായും ശാശ്വതമായും സംരക്ഷിക്കാൻ, കടമെടുത്തു മുടിയുന്ന ഒരു സർക്കാരിനെക്കൊണ്ടാവില്ല എന്ന് ആർക്കാണറിയാത്തത്. ഫണ്ട് സമൃദ്ധമായുള്ള കേന്ദ്രത്തിനുമേൽ ഇക്കാര്യത്തിൽ സമ്മർദം ചെലുത്താൻ എന്തുകൊണ്ട് സർക്കാർ ശ്രമിക്കുന്നില്ല? കേന്ദ്രമന്ത്രി ജോർജ് കുര്യനെപ്പോലുള്ളവരുടെ ശ്രദ്ധയും പരിഗണനയും ഈ വിഷയത്തിലേക്ക് എന്തുകൊണ്ട് നിങ്ങൾ ക്ഷണിക്കുന്നില്ല? പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ എംപിമാരോട് എന്തുകൊണ്ട് ആവശ്യപ്പെട്ടുകൂടാ?
ഫാ. ജോഷി മയ്യാറ്റിൽ