കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമി കൈരളി, ശ്രീ, കോറണേഷന്‍ തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ആര്‍ഐഎഫ്എഫ്കെ) ഇന്ന് തിരിതെളിയും.
സംവിധായകനും കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സ് ചെയര്‍പേഴ്സണുമായ സയ്യിദ് മിര്‍സ ഉദ്ഘാടനം നിര്‍വഹിക്കും. മുഹമ്മദ് റസൂലോഫ് സംവിധാനം ചെയ്ത ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ആണ് ഉദ്ഘാടന ചിത്രമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്, കെടിഐഎല്‍ ചെയര്മാന് എസ്.കെ. സജീഷ്, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് കൈരളി തിയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത നിര്‍വഹിക്കും. ഷാങ്ഹായ് ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മീനാക്ഷി ജയന്, സിതാരേ സമീന്‍ പര് എന്ന ഹിന്ദി ചിത്രത്തില്‍ ഗുഡ്ഡു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപികൃഷ്ണന് വര്‍മ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടന് സുധീഷ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.
മൂന്ന് തിയേറ്ററുകളിലും ദിവസം അഞ്ച് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. 1500 ഡെലിഗേറ്റുകളാണ് മേളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.11ന് സമാപിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് പ്രദര്‍ശിപ്പിക്കും. 2024ലെ കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടുകയും ചെയ്ത ചിത്രമാണിത്. കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29-ാമത് ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍നിന്ന് തെരഞ്ഞെടുത്ത 58 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്നിന്നുള്ള 14 ചിത്രങ്ങള്‍, ലോകസിനിമാ വിഭാഗത്തില്‍നിന്നുള്ള 14 ചിത്രങ്ങള്‍, 11 മലയാള ചിത്രങ്ങള്‍, 7 ഇന്ത്യന്‍ സിനിമകള്‍, കലൈഡോസ്കോപ്പ് വിഭാഗത്തില്‍നിന്നുള്ള രണ്ട് ചിത്രങ്ങള്‍, വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫിമേയ്ല്‍ ഗേസ് വിഭാഗത്തില്‍നിന്നുള്ള മൂന്ന് ചിത്രങ്ങള്‍,
ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ് ആന്‍ ഹുയിയുടെ ഒരു ചിത്രം, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശബാന ആസ്മിക്ക് ആദരവായി പ്രദര്‍ശിപ്പിക്കുന്ന ‘അങ്കുര്‍', മുന്‍നിര ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍ നിന്നുള്ള അഞ്ച് സിനിമകള്‍ എന്നിവയാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി, സംഘാടക സമിതി കണ്‍വീനര്‍മാരായ കെ.ജെ തോമസ്, കെ. ടി ശേഖര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സുവര്‍ണ ചകോരം ലഭിച്ച ബ്രസീലിയന്‍ ചിത്രമായ മാളു, രജതചകോരം ലഭിച്ച മി മറിയം ദ ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്സ്, നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ച ഹൈപ്പര്‍ബോറിയന്‍സ്, പ്രേക്ഷകപുരസ്കാരം നേടിയ ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മേളയുടെ ഭാഗമായി എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള 'കാലം': മായാചിത്രങ്ങള്‍' എന്ന ഫോട്ടോ എക്സിബിഷന് കൈരളി തിയേറ്റര്‍ പരിസരത്ത് സംഘടിപ്പിക്കും.കൈരളി തിയേറ്ററിലെ ഷാജി എന്‍. കരുണ്‍ - ചെലവൂര്‍ വേണു പവലിയനില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും.9,10,11 തീയതികളില്‍ വൈകിട്ട് അഞ്ചു മുതല്‍ ആറു മണി വരെ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ സംവിധായകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.