സ്വന്തം ലേഖകർ
ആലപ്പുഴ: യഥായോഗ്യം കുഴികൾ അടയ്ക്കാത്തതിനാൽ ദേശീയ പാത അടക്കം മഴക്കുഴികളെടുത്ത പരുവത്തിൽ. പാറപ്പൊടിയും ടാർ മിശ്രിതവും ചേർത്ത് നടത്തിയ കുഴിയടയ്ക്കൽ പാളി. മഴയും ഭാരവാഹനങ്ങളും മൂലം ഈ മിശ്രിതം പലേടത്തും ഇളകി മാറിയതോടെ റോഡ് മഴക്കുഴി കുത്തിയ സ്ഥിതിയിലായി. മിശ്രിതം കുഴന്പ് പരുവത്തിലായതിനാൽ ഇരുചക്ര യാത്രക്കാർ ഏതു നിമിഷവും തെന്നിവീഴാം. യാത്രക്കാരും നാട്ടുകാരും വ്യാപകമായി പരാതി ഉയർത്തിയിട്ടും ദേശീയപാത കരാർ കന്പനികൾ ഫലപ്രദമായ നടപടികൾ ഇനിയും എടുത്തിട്ടില്ല. മറ്റു റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മഴയ്ക്കൊരു കുഴി
മഴ പെയ്യുന്ന ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും. കുഴികളിൽ വെള്ളംനിറയുന്നതോടെ ആഴമറിയാതെ വാഹനങ്ങൾ ചാടി അപകടമുണ്ടാകുന്നതും പതിവായിട്ടുണ്ട്. വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ വേറെ. ജില്ലയില്‍ കൂടുതല്‍ കുഴികളുള്ളത് ദേശീയപാത 66ലാണ്.
തിരുവനന്തപുരം-കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുഴിക്കെണിയായി മാറിയിരിക്കുന്നത്. പുന്നപ്ര കളിത്തട്ട്, പായല്‍ക്കുളങ്ങര, അയ്യന്‍കോയിക്കല്‍ എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തു വലിയ കുഴികളുണ്ട്. കരൂര്‍ അയ്യന്കോയിക്കലിനു സമീപം ജല അഥോറിറ്റി പൈപ്പ് പൊട്ടി പാത കുളമായി. അപകടം ഒഴിവാക്കാൻ ഗതാഗതം പൂര്‍ണമായും സര്‍വീസ് റോഡ് വഴിയാക്കി.
ഇഴഞ്ഞിഴഞ്ഞ്
ഗതാഗതനിയന്ത്രണം കാരണം കൊച്ചിയില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ അരൂര്‍ ബൈപാസ് കവല മുതല്‍ ഇഴഞ്ഞുനീങ്ങിയാണു ക്ഷേത്രം കവലയിലെത്തുന്നത്.
കുഴി കണ്ട് വാഹനങ്ങള്‍ വേഗം കുറയ്ക്കുമ്പോള്‍ പിന്നിലെ വാഹനം ഇടിച്ച സംഭവങ്ങൾ നിരവധി. വെള്ളക്കെട്ടും കുഴികളും മൂലം ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള പാതയില്‍ അരൂര്‍ ക്ഷേത്രം കവല, ചന്തിരൂര്‍ സ്കൂളിനു മുന്‍വശം, അരൂര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍, എരമല്ലൂര്‍, കോടംതുരുത്ത് എന്നിവിടങ്ങളില്‍ കുഴികള്‍ നിറഞ്ഞു. അരൂര്‍ ക്ഷേത്രം കവലയില്‍ സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗത്തു വന്‍ കുഴിയാണ്.
അപകടങ്ങൾ ഇങ്ങനെ
4പായല്ക്കുളങ്ങരയിലെ കുഴിയില്‍ വീണു
സ്കൂട്ടര്‍ യാത്രികര്‍ക്കു പരിക്ക്.
4കായംകുളത്തു പഴയാറ്റ് കാവിനു സമീപം
കുഴിയിൽ വീണ് ഐക്യ ജംഗ്ഷൻ
സ്വദേശിക്കു ഗുരുതര പരിക്ക്.
പ്രധാന
കുഴിമേഖലകൾ
പുന്നപ്ര കളിത്തട്ട് ഭാഗത്തെ കുഴികള്‍ താത്കാലികമായി അടച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് പഴയതിനേക്കാൾ വലിയ കുഴികളായി. തങ്കി, എക്സ്റേ ജംഗ്ഷന്, വയലാര്‍ കവലയ്ക്കു സമീപം, 11-ാം മൈല്‍, കണിച്ചുകുളങ്ങര ജംഗ്ഷനു സമീപം, ഒറ്റപ്പുന്ന, അര്‍ത്തുങ്കല്‍ ബൈപാസ്, എസ്എല്‍ പുരം, വളവനാട്, കലവൂര്‍, പാതിരപ്പള്ളി, പൂങ്കാവ്, വളവനാട് അടിപ്പാതയ്ക്കു സമീപം, ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം, ആലപ്പുഴ ബൈപാസ് മേല്‍പാലം കളര്‍കോട് ഭാഗം.