ആലപ്പുഴ: ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ മാതൃവേദി-പിതൃവേദി ഫൊറോനസമിതി പ്രതിഷേധിച്ചു. ഫൊറോന പിതൃവേദി പ്രസിഡന്റ് ജിമ്മിച്ചന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. നവീന്‍ മാമ്മൂട്ടില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
ഇരുവര്‍ക്കും പ്രാര്ഥനാപൂര്ണമായ ഐക്യദാര്‍ഢ്യം യോഗം പ്രഖ്യാപിച്ചു. ഫൊറോന വികാരി ഫാ. മാത്യു നടമുഖത്ത്, ഫൊറോന അനിമേറ്റര്‍ സിസ്റ്റര്‍ ഡാലിയ, സോബിന്‍, സണ്ണി ഫിലിപ്പോസ്, സെലിന്സ്കറിയ, മോളമ്മ, നിഷ ജോയല്‍, ജിജി, റീനി, സാജന്, ജിതിന്, പിതൃവേദി ഫൊറോന സെക്രട്ടറി ഷിബു ജോര്‍ജ്, മാതൃവേദി സെക്രട്ടറി ലീജ സാജു എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ്
പ്രതിഷേധ ധര്‍ണ ഇന്ന്
ആലപ്പുഴ: കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഫൊറോന കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും.
ധര്‍ണയും റാലിയും ഇന്നു രാവിലെ 10.30ന് ക്വിറ്റ് ഇന്ത്യ സ്റ്റാച്ചു ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ഇരുമ്പുപാലം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്‍വശം സമാപിക്കും.
കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധിച്ചു
കറ്റാനം: ചത്തീസ്ഗഡിൽ ഹിന്ദുത്വ വർഗീയ വാദികളുടെ ആൾക്കൂട്ട വിചാരണക്കൊടുവിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മാവേലിക്കര രൂപത സമിതി പ്രതിഷേധിച്ചു. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനകരമായ ഈ പ്രവൃത്തി പ്രതിഷേധാർഹമാണ്.
എത്രയും വേഗം ഇവരെ മോചിതരാക്കണമെന്ന് ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സാൻ ബേബി അധ്യക്ഷത വഹിച്ചു. സി.റ്റി. വർഗീസ്, രൂപത സെക്രട്ടറി വിപിൻ വൈദ്യൻ, നീതു യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
മന്ത്രി പി. പ്രസാദ് പ്രധാനമന്ത്രിക്ക് കത്തയച്ചു
ചേർത്തല: ചേർത്തല അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്യാസ സഭയിലെ സിസ്റ്റര്‍ വന്ദന ഫ്രാൻസിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരുടെ അറസ്റ്റിൽ മന്ത്രി പി. പ്രസാദ് പ്രതിഷേധിച്ചു. ഇവരെ ചത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്.
മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തത് ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ കാറ്റിൽപ്പറത്തിയാണ്. അറസ്റ്റിലായ ഈ രണ്ടു സിസ്റ്റർമാരും മുമ്പ് ചേർത്തലയിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. സംഘപരിവാർ സംഘടനയായ ബജ്റംഗ് ദൾ ഇവരെ ആശക്കൂട്ട വിചാരണ നടത്തി, പോലീസിന്റെ സഹായത്തോടെ കേസിൽ കുടുക്കിയത് ഞെട്ടിക്കുന്നതാണ്.
നമ്മുടെ സ്വാതന്ത്ര്യം ഭീഷണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നു എന്നതിൻ്റെ ഉദാഹരണമായി ഇതിനെ കാണുന്നു. ആൾക്കൂട്ടം കാര്യങ്ങൾ തീരുമാനിക്കുന്ന രീതി അരാജകത്വത്തിലേക്ക് നയിക്കും. ഫാസിസ്റ്റ് ഭരണ സംവിധാനം നാട്ടിൽ പ്രവർത്തിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്.
ഇന്ത്യൻ ഭരണകൂടം ഇക്കാര്യത്തിൽ ഇടപെട്ട് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഈ കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോടും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നീതിയുക്തമായ ഇടപെടലുകൾ രണ്ടു പേരുടെയും ഭാഗത്തുനിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി. പ്രസാദ് പറഞ്ഞു.
മങ്കൊമ്പ്: കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ യുവദീപ്തി എസ്എംവൈഎം വെളിയനാട് യൂണിറ്റ് പ്രതിഷേധിച്ചു. ഛത്തീസ്ഗഡ് പോലീസ് തീവ്രവാദ രാഷ്ട്രീയത്തിന്റെ അടിമകളായി മാറിയതിന്റെ തെളിവാണ് സംഭവം. ഇത് മൗലിക അവകാശലംഘനവും മനുഷ്യാവകാശ നിഷേധവുമാണ്. മതപരിവർത്തന നിയമത്തിന്റെ മറവിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ്.
ഇന്ത്യയിൽ പല ഭാഗത്തും നടക്കുന്ന സംഭവങ്ങൾ അത്യന്തം അപകടകരമാണ്. കന്യാസ്ത്രീകൾ സന്യാസ വസ്ത്രം അണിഞ്ഞ് പൊതുസമൂഹത്തിലിറങ്ങിയാൽ കേസെടുക്കുന്ന അവസ്ഥ ഇന്ത്യയെ ഇരുണ്ട കാലങ്ങളിലേക്ക് നയിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി. യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനോയ് ബാബു അധ്യക്ഷത വഹിച്ചു.
മങ്കൊമ്പ്: ഛത്തീസ്ഗഡിലെ ദുർഗിൽ, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഭരണഘടനയോടുള്ള നിഷേധമാണെന്നും കുട്ടനാട് എക്യുമെനിക്കൽ ഫോറം ഡയറക്ടർ ഫാ. ജോസഫ് കട്ടപ്പുറം ആരോപിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രേഷിതപ്രവർത്തനം നടത്തുന്ന മിഷനറിമാർക്ക് സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കുട്ടനാട് എക്യുമെനിക്കൽ ഫോറം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോസി ഡൊമിനിക് ആധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ഫാ. ജോസ് തറപ്പുതൊട്ടിയിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഷിബു ലുക്കോസ്, സാബു തോട്ടുകൽ, ജോജി ചേപ്പില, ആന്റപ്പൻ ചുങ്കപ്പുര, ടോമിച്ചൻ ഏബ്രഹാം, സന്തോഷ് കട്ടപ്പുറം, ജിനേഷ് മെതിക്കളം തുടങ്ങിയവർ പ്രസംഗിച്ചു.
രാജ്യത്ത് കാവിനീതി
നടപ്പാക്കുന്നു
കുട്ടനാട്: മാനവ സേവയ്ക്കും സാമൂഹിക സേവനത്തിനും സ്വയം സമര്‍പ്പിച്ച മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നീ കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ അകാരണമായി അറസ്റ്റ് ചെയ്തു ജുഡിഷല് റിമാന്‍ഡില്‍ ആക്കിയ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അവരുടെ മോചനത്തിന് നിയമപരമായ എല്ലാ സാഹചര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യണമെന്ന് മാതൃവേദി-പിതൃവേദി പുളിങ്കുന്ന് ഫൊറോന സമിതി യോഗം ആവശ്യപ്പെട്ടു.
ഫൊറോന ഡയറക്ടര്‍ ഫാ. സിറിയക് പഴയമഠം, സിസ്റ്റര്‍ ലിയോ ക്ലയര്‍ സിഎംസി, ഗ്രേസി സക്കറിയ നെല്ലുവേലി, ജോര്‍ജ് തോമസ്, സണ്ണി അഞ്ചില്‍, ബീന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
എംസിഎ പ്രതിഷേധിച്ചു
ചേപ്പാട്: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ എംസിഎ മാവേലിക്കര വൈദിക ജില്ല പ്രതിഷേധിച്ചു. രൂപത വികാരി ജനറാൾ ഫാ. ജോബ് കല്ലുവിളയിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലാലൻ സാമുവൽ അധ്യക്ഷത വഹിച്ചു. ഫാ. റോബർട്ട് പാലവിള, ഫാ. കാലേബ് ചെറുവള്ളിൽ, അഡ്വ. അനിൽ ബാബു, വില്യംസ് മത്തായി, ഡോ. ഷാജി എം. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
ഓള് ഇന്ത്യ കാത്തലിക്
യൂണിയന് അപലപിച്ചു
ആലപ്പുഴ: വടക്കേ ഇന്ത്യയില്‍ തുടരെത്തുടരെ ക്രൈസ്തവരുടെ നേരെയുള്ള ആക്രമണം സഹിക്കാനാവുന്നതല്ലെന്ന് ഓള് ഇന്ത്യ കാത്തലിക് യൂണിയന്. ഭരണഘടനാ അനുശാസിക്കുന്ന മതസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും ഓള് ഇന്ത്യ കാത്തലിക് യൂണിയന് അറിയിച്ചു.
അല്‍ഫോണ്‍സ് പെരേര, ബാബു അത്തിപ്പൊഴിയില്‍, ദേവസഹായം, ആന്റണി തൊമ്മാന, സിജെ. ജയിംസ്, ഫ്രാന്‍സി ആന്റണി, ജോസ് ആന്റണി, സൈബി അക്കര, തോമസ് തേവരത്, ജോസ് കുരിശിങ്കല്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
വേട്ടയാടിയവർക്കെതിരേ നടപടിയെടുക്കണം:
ബിഷപ് ജയിംസ് ആനാപറമ്പില്‍
ആലപ്പുഴ: നിരാലംബരും നിരാശ്രയരുമായ മനുഷ്യര്ക്കഭയമാകാന് വീടും നാടും വിട്ടിറങ്ങിയ കന്യാസ്ത്രീകളെയും അവരെ അനുഗമിച്ചവരെയും ഛത്തീസ്ഗഡിലെ റെയില്‍വേസ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവയ്ക്കുകയും കേസെടുക്കുകയും ചെയ്ത നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ പറഞ്ഞു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ റെയില്‍വേ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ടതാണ്. എന്തു കുറ്റത്തിന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്നു വ്യക്തമല്ല. കന്യാസ്ത്രീകള്‍ കൂടെക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ സിഎസ്ഐ സഭാ സമൂഹത്തില്‍ പെടുന്നവരാകയാല് മതപരിവര്‍ത്തനം എന്ന വിഷയമേ ഇല്ല.
സിസ്റ്റേഴ്സ് പാവപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ക്കു ജോലി കൊടുക്കാന്‍ കൊണ്ടുപോയതാകയാല് മനുഷ്യക്കടത്തിന്റെ പ്രശ്നവുമില്ല. മാത്രമല്ല അവരുടെ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് അവര്‍ സിസ്റ്റേഴ്സിന്റെ കൂടെ പോയതും. അവരുടെ കൈയില്‍ ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. അവരെ പരസ്യമായി ചോദ്യം ചെയ്യാന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ആര് അനുവാദം കൊടുത്തു. അതിനാല്‍ ചത്തീസ്ഗഡില്‍ നടന്ന മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും ശരിയായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.