ആലപ്പുഴ: ദേശീയപാതയില്‍ മഴയെ അവഗണിച്ചും പാറപ്പൊടിയും ടാര്‍ മിശ്രിതവും ഉപയോഗിച്ചു കുഴി മൂടിയിട്ടും മഴയും ഭാരവാഹനങ്ങളും കാരണം ഈ മിശ്രിതം ഇളകി മാറുന്നതോടെ കൂടുതല്‍ വലിപ്പമുള്ള കുഴി രൂപപ്പെടുന്നു. ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴാനും കാരണമാകുന്നു.
പരാതിപ്പെട്ടിട്ടും പ്രതിഷേധിച്ചിട്ടും ശാസ്ത്രീയ നടപടിക്കു ദേശീയപാത കരാര്‍ കമ്പനികള്‍ നടപടിയെടുക്കുന്നുമില്ല. മഴ വന്നാല്‍ കുഴി എന്നതു പൊതുതത്വമാണ്; അതില്‍ ദേശീയപാതയെന്ന ഇളവൊന്നുമില്ല, മറ്റു റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. രാജ്യാന്തര നിലവാരത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ പണി പൂര്‍ത്തിയാകുന്നതിനു മുന്‍പേ കുഴികളായി.
കോരിച്ചൊരിയുന്ന മഴയത്തു ദൂരെക്കാഴ്ച കുറവാണെന്നതിനാലും വെള്ളം നിറഞ്ഞുകിടക്കുമ്പോള്‍ ആഴം തിരിച്ചറിയാനാകാതെയും വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജില്ലയില്‍ കൂടുതല്‍ കുഴികളുള്ളത് ദേശീയപാത 66ലാണ്. തിരുവനന്തപുരം കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ് കുഴികളായി അപകടപാതയാകുന്നത്.
പുന്നപ്ര കളിത്തട്ട്, പായല്‍ക്കുളങ്ങര, അയ്യന്‍കോയിക്കല്‍ എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തു വലിയ കുഴികള്‍ രൂപപ്പെട്ടു. പായല്ക്കുളങ്ങരയിലെ കുഴിയില്‍ വീണു സ്കൂട്ടര്‍ യാത്രികര്‍ക്കു പരിക്കേറ്റു. കരൂര്‍ അയ്യന്കോയിക്കലിനു സമീപം ജല അഥോറിറ്റി പൈപ്പ് ചോര്‍ന്ന് പാത കുളമായി.
കുഴിയില്‍ വെള്ളം
ഇത് അറിയാതിരിക്കാനും അപകടം ഒഴിവാക്കാനും ഗതാഗതം പൂര്‍ണമായും സര്‍വീസ് റോഡ് വഴിയാക്കി. പുന്നപ്ര കളിത്തട്ട് ഭാഗത്തെ കുഴികള്‍ താത്കാലികമായി അടച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞു മുന്‍പ് ഉണ്ടായതിനെക്കാള്‍ വലിയ കുഴികളായി മാറി. തങ്കി, എക്സ്റേ ജംഗ്ഷന്, വയലാര്‍ കവലയ്ക്കു സമീപം, 11-ാം മൈല്‍, കണിച്ചുകുളങ്ങര ജംഗ്ഷനു സമീപം, ഒറ്റപ്പുന്ന, അര്‍ത്തുങ്കല്‍ ബൈപാസ് തുടങ്ങിയ സ്ഥലങ്ങളില്‍ കുഴിയാണ്.
ഡിവൈഡര്‍ നിര്മിച്ചതിനാല് മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ കുഴിയില്‍ വെള്ളം നിറഞ്ഞുകിടക്കുന്നു. അടിപ്പാത നിര്‍മാണം നടക്കുന്ന എസ്എല്‍ പുരം, വളവനാട്, കലവൂര്‍, പാതിരപ്പള്ളി, പൂങ്കാവ് ഭാഗത്തു ചെറുതും വലുതുമായ ഒട്ടേറെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
വളവനാട് അടിപ്പാതയ്ക്കു സമീപത്തു രൂപപ്പെട്ട വലിയ കുഴിയില്‍ ഇരുചക്ര വാഹനം വീണു കഴിഞ്ഞദിവസം യാത്രക്കാരനു കാലിനും കൈക്കും പരിക്കേറ്റിരുന്നു. അടുത്തദിവസം കുഴി പാറപ്പൊടി ഉപയോഗിച്ച് അടച്ചെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴി രൂപപ്പെട്ടു.
കായംകുളത്തു പഴയാറ്റ് കാവിനു സമീപം സ്ഥിരമായി അപകടമുണ്ടാക്കുന്ന കുഴി ഇപ്പോഴും നികത്തിയിട്ടില്ല. ഒരു മാസം മുന്‍പ് ഈ കുഴിയില്‍ വീണ് ഐക്യ ജംഗ്ഷൻ സ്വദേശിയായ യുവാവിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ദേശീയപാതയില്‍ നിറയെ കുഴികളാണ്.
വെള്ളക്കെട്ടും കുഴിയും
ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ സര്‍വീസ് റോഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും സര്‍വീസ് റോഡിലേക്കു പ്രവേശിക്കുന്നയിടങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. ആലപ്പുഴ ബൈപാസ് മേല്‍പാലത്തിലും കുഴികള്‍ രൂപപ്പെട്ടു. പാലത്തിന്റെ കളര്‍കോട് ഭാഗത്താണ് കൂടുതല്‍ കുഴികളുള്ളത്.
വടക്കുനിന്നെത്തുന്ന വാഹനങ്ങള്‍ ഇറക്കം ഇറങ്ങിച്ചെല്ലുമ്പോഴാണു കുഴികളില്‍ ചാടുന്നത്. ഗതാഗതനിയന്ത്രണം കാരണം കൊച്ചിയില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ അരൂര്‍ ബൈപാസ് കവല മുതല്‍ ഇഴഞ്ഞു നീങ്ങിയാണു ക്ഷേത്രം കവല വരെയെത്തുന്നത്.
കുഴിയില്‍ ചാടാതെ വെട്ടിക്കുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞും അപകടമുണ്ടാകുന്നുണ്ട്. വാഹനങ്ങള്‍ വേഗം കുറയ്ക്കുമ്പോള്‍ പിന്നിലെ വാഹനം ഇടിച്ച സംഭവങ്ങളുമുണ്ട്. വെള്ളക്കെട്ടും കുഴിയും നിറഞ്ഞ് ഉയരപ്പാത നിര്‍മാണമേഖല ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള പാതയില്‍ അരൂര്‍ ക്ഷേത്രം കവല, ചന്തിരൂര്‍ സ്കൂളിനു മുന്‍വശം, അരൂര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍, എരമല്ലൂര്‍, കോടംതുരുത്ത് എന്നിവിടങ്ങളില്‍ കുഴികള്‍ നിറഞ്ഞു. അരൂര്‍ ക്ഷേത്രം കവലയില്‍ സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗത്തു വന്‍കുഴിയാണ്.