മന്ത്രി പ്രസാദ്
ഗ്രീൻഗാർഡൻസ് സന്ദർശിച്ചു
ചേർത്തല: കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ചും സഭയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചും മന്ത്രി പി. പ്രസാദ് സഭാ സന്ദർശനം നടത്തി. ചേർത്തല അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻഗാർഡൻസ്) സന്യാസസഭയിലെ മദർ ജനറൽ സിസ്റ്റർ എലിസബത്തിനെ നേരിട്ട് കണ്ടാണ് മന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
കേരളത്തിൽ കേന്ദ്രസർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടെന്നു പറയുകയും വടക്കേ ഇന്ത്യയിൽ വേട്ടക്കാരുടെ സ്വഭാവം സ്വീകരിക്കുന്ന നടപടിയാണ് കണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രം വളർന്നെങ്കിലും മനുഷ്യത്വരഹിതമായ നടപടികളാണ് ഉണ്ടാകുന്നതെന്ന് മദർ ജനറൽ സിസ്റ്റർ എലിസബത്ത് പറഞ്ഞു. 35 വർഷത്തോളം സഭയിൽ സേവനമനുഷ്ഠിച്ച രണ്ട് സിസ്റ്റർമാർക്കും സംഭവത്തിൽ ആൾക്കൂട്ട വിചാരണപോലും നേരിടേണ്ടിവന്നു.
എഫ്ഐആറിൽ പോലും പലതരത്തിലാണ് കേസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എത്രയോ നന്മകൾ ചെയ്യാമോ, അത്രയും നന്മകൾ ചെയ്യുക എന്നതാണ് ഞങ്ങളെ പഠിപ്പിച്ചതെന്നും മദർ ജനറൽ സിസ്റ്റർ എലിസബത്ത് പറഞ്ഞു.
സഹോദരിമാർ തടവറയിൽ കഴിയുന്പോൾ
ഞങ്ങൾ പ്രാർഥനയിൽ
അമ്പലപ്പുഴ: ഛത്തീസ്ഗഡിൽ കന്യാസ് ത്രീകളെ ജയിലി ലടച്ച സംഭവത്തിൽ വേദനയോടെ പുന്നപ്ര പറവൂർ അസീസി പാലിയേറ്റീവ് കെയർ സെന്ററിലെ കന്യാസ്ത്രീകളും അർബുദത്തിന്റെ വേദനതിന്നുന്ന രോഗികളെ പരിചരിക്കുന്ന നഴ്സുമാരും. ഇവരുടെ ആശങ്ക പങ്കുവയ്ക്കാൻ പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അസീസി പാലിയേറ്റീവ് കെയർ സെന്ററിൽ എത്തി. അസീസി ഭവനിലെത്തിയ അദ്ദേഹം സൂപ്പിരിയർ അസിസ്റ്റന്റ് സിസ്റ്റർ ഡോറ മേരി, ഇൻ ചാർജ് സിസ്റ്റർ ബെല്ലാ മേരി അടക്കമുള്ളവരുടെ വേദനയിലും ആശങ്കയിലും പങ്കാളിയായി.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ ശുശ്രൂഷകരാണ് കഴിഞ്ഞ അഞ്ചു ദിവസമായി ജയിലിൽ കഴിയുന്ന സിസ്റ്റർ വന്ദനയും പ്രീതിയും. ഇതേ സഭയുടെ ആതുര സേവന കേന്ദ്രമാണ് പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന അസീസി ഹോസ്പിസ് സെന്റർ. ചെയ്യാത്ത കുറ്റത്തിന് തങ്ങളുടെ സഹോദരിമാരായ സിസ്റ്റർമാർ തടവറയിൽ കഴിയുമ്പോൾ ഞങ്ങൾ ഇവിടെ ഉറക്കമില്ലാതെ അവർക്കുവേണ്ടി പ്രാർഥനയിലാണെന്നും സിസ്റ്റർ ഡോറ മേരി, ബെല്ലാ മേരി എന്നിവർ പറഞ്ഞു. സെന്റ് ജോസഫ് ഫൊറോന പള്ളി ട്രസ്റ്റി കെ.എഫ്. തോബിയാസും ഒപ്പമുണ്ടായിരുന്നു.
റാലിയും ധർണയും
ആലപ്പുഴ: ക്രൈസ്തവ സന്യാസിനികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു കത്തോലിക്കാ കോൺഗ്രസ് ആലപ്പുഴ ഫൊറോനാ സമിതി ആലപ്പുഴ സീറോ ജംഗ്ഷനിലെ ക്വിറ്റിന്ത്യാ സ്മാരകത്തിനു മുന്നിൽനിന്നു ഇരുമ്പുപാലം പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ റാലിയും തുടർന്ന് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണയും നടത്തി.
ഫൊറോന പ്രസിഡന്റ് ദേവസ്യാ പുളിക്കാശേരി അധ്യക്ഷത വഹിച്ച പ്രതിഷേധ സമ്മേളനം ആലപ്പുഴ ഫൊറോന വികാരി ഫാ. മാത്യു നടമുഖത്ത് ഉദ്ഘാടനം ചെയ്തു.
ഫൊറോനാ ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി ആമുഖ സന്ദേശം നൽകി. ഫൊറോനാ ജനറൽ സെക്രട്ടറി ഷാജി പോൾ, ട്രഷറർ ജോഷി, അതിരൂപതാ സെക്രട്ടറി സെബാസ്റ്റ്യൻ വർഗീസ്, ജെസി ആന്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ടോമിച്ചൻ മേത്തശേരി, ടോമി കടവിൽ, സിസ്റ്റർ മാർഗരറ്റ്, സിസ്റ്റർ ഡാലിയ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധച്ചങ്ങല തീർത്ത് ടീച്ചേഴ്സ് ഗിൽഡ്
ചേപ്പാട്: കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സികെഎച്ച്എസ്എസ് ചേപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ പ്രതിഷേധച്ചങ്ങല തീർത്തു. വിദ്യാലയത്തിൽ പ്ലക്കാർഡുമായി അധ്യാപകർ പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസ് ഉദ്ഘാടനം ചെയ്തു. എം.ജെ. വിജോ അധ്യക്ഷത വഹിച്ചു. രാജി ഉലഹന്നാൻ, അധ്യാപകരായ റീബ, മോനു ജി. സ്കറിയ എന്നിവർ പ്രസംഗിച്ചു.
തിന്മയുടെ ശക്തികളെ
നിയന്ത്രിക്കണം:
ഫാ. തോമസ് കല്ലുകളം
കുട്ടനാട്: നിരന്തരമായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ അകാരണമായി വേട്ടയാടപ്പെടുകയാണെന്നും ഇത്തരം തിന്മയുടെ ശക്തികള്‍ക്കെതിരേ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ തയാറാകണമെന്നും റവ.ഡോ തോമസ് കല്ലുകളം.
അകാരണമായി കള്ളക്കേസില്‍ കുടുക്കി ഛത്തീസ്ഗഡ് ജയിലില്‍ അടച്ച കന്യാസ്ത്രീകളെ ഉടന്‍ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫെറോന സമിതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തുമ്പുങ്കല് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം പ്രതിഷേധ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
സൈബി അക്കര, പ്രൊവിന്‍ഷ്യൽമാരായ സിസ്റ്റര്‍ വിര്‍ജി എഫ് സിസി, സിസ്റ്റര്‍ ലില്ലി റോസ് എസ്എബിഎസ്, സിസ്റ്റര്‍ സോഫി റോസ് സിഎംസി, സിസ്റ്റര്‍ മെര്ലിന് എംഎല്‍എഫ്, സിസ്റ്റര്‍ മേഴ്സി മരിയ എഎസ്എംഐ, അസി. ജനറല്‍ മേഴ്സി മരിയ എസ്എംഐ, അസി. ജനറല്‍ ടോമിച്ചന് അയ്യരുകുളങ്ങര, വി.ജെ. ലാലി, ഡോ. റൂബിള്‍ രാജ്, സി.ടി. തോമസ് കാച്ചാംങ്കോടം, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കന്യാസ്ത്രീകളെ
മോചിപ്പിക്കണം:
കത്തോലിക്ക കോണ്‍ഗ്രസ്
എടത്വ: ജയിലിലടച്ച കന്യാസ്ത്രീകളെ ഉടന്‍ വിട്ടയയ്ക്കണമെന്നും അവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ നേതൃയോഗം ആവശ്യപ്പെട്ടു. ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് മാത്യു, ട്രഷറര്‍ മാര്ട്ടിന് കളങ്ങര, വര്‍ഗീസ് ആന്റണി, ജയിംസ് ജോസഫ്, ജയിംസ് മുട്ടാര്‍, വി.ഡി. ജോസ്, സി.സി. ജോസ്, മീനു സോബി എന്നിവര്‍ പ്രസംഗിച്ചു.
കെഎൽസിഎ പ്രതിഷേധിച്ചു
മാവേലിക്കര: അടിയന്തരമായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) ആവശ്യപ്പെട്ടു. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാൻ പെൺകുട്ടികളെ പ്രേരിപ്പിച്ചതു ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ഉണ്ടാകണമെന്നും കെഎൽസി എകൊല്ലം രൂപതാ വൈസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ് ആവശ്യപ്പെട്ടു.
ആർജെഡി പ്രതിഷേധിച്ചു
ചെങ്ങന്നൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു. മോചനത്തിനായി നടപടി സ്വീകരിക്കണമെന്ന് യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആർജെഡി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു.
പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട് അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ആർ. പ്രസന്നൻ, ജില്ലാ സെക്രട്ടറിമാരായ സതീഷ് വർമ, പ്രസന്നൻ പള്ളിപ്പുറം, കിസാൻ ജനത ജില്ലാ പ്രസിഡന്റ് വി.എൻ. ഹരിദാസ്, മണ്ഡലം സെക്രട്ടറി സാം ജേക്കബ്, മനു പാണ്ടനാട്, ജെ. ശ്രീകല എന്നിവർ പ്രസംഗിച്ചു.