ചങ്ങനാശശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പമിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിലുള്ള 37-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം ഓഗസ്റ്റ് രണ്ടിന് നടത്തുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, തീര്‍ഥാടന കണ്‍വീനര്‍ ജോണ്സണ് കാഞ്ഞിരക്കാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
‘പ്രത്യാശയോടെ
കുഞ്ഞുമിഷനറിമാര്‍’
എന്ന ആപ്തവാക്യവുമായി മിഷന്‍ലീഗ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന തീര്‍ഥാടനത്തില്‍ പ്രായഭേദമെന്യേ പതിനായിരങ്ങള്‍ പങ്കെടുക്കും. രാവിലെ 5.30ന് അതിരമ്പുഴ, വെട്ടിമുകള്‍, ചെറുവാണ്ടൂര്‍, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളിൽനിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ഥാടനവും രാവിലെ 5.45ന് പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍നിന്ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനവും ആരംഭിക്കും. കുടമാളൂര്‍ മേഖലയിലെ വിവിധ ശാഖകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ 6.45ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ എത്തും.
കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് രാവിലെ 8.45ന് കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം ചെങ്ങന്നൂര്‍ മേഖലകളുടെ തീര്‍ഥാടനങ്ങളും 10.30ന് കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനവും ആരംഭിക്കും. 33 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്ന ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനം ഉച്ചകഴിഞ്ഞ് രണ്ടിന് അല്‍ഫോന്‍സാ ജന്മഗ്യഹത്തില്‍ എത്തിച്ചേരും.
ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചമ്പക്കുളം, മുഹമ്മ മേഖലകളിലെ തീര്‍ഥാടകര്‍ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില് അന്നേദിവസം രാവിലെ 9.45ന് എത്തിച്ചേര്‍ന്ന് മധ്യസ്ഥപ്രാര്‍ഥനയില്‍ പങ്കെടുക്കും. തുടര്‍ന്ന് തീര്‍ഥാടകര്‍ കുടമാളൂരിലേക്ക് പദയാത്രയായി നീങ്ങും.
അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടകരും വിവിധസമയങ്ങളില്‍ എത്തിച്ചേരും. തീര്‍ഥാടകര്‍ക്കുള്ള നേര്‍ച്ച ഭക്ഷണം കുടമാളൂര്‍ ഫൊറോന പള്ളിയില്‍ രാവില ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെ ക്രമീകരിച്ചിട്ടുണ്ട്. ബോബി തോമസ്, ടിന്റെ സെബാസ്റ്റ്യന്‍, എബിന് ജോസഫ് എന്നിവരും പത്സമ്മേളനത്തില് പങ്കെടുത്തു.
ജന്മഗൃഹത്തില്‍
പ്രത്യേക ശുശ്രൂഷകള്‍
തീര്ഥാടനദിനം രാവിലെ 7.15ന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. ജോയി ജോര്‍ജ് മംഗലത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. 9.45ന് വിശുദ്ധ കുര്‍ബാന അതിരമ്പുഴ ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, സന്ദേശം റവ.ഡോ. മാണി പുതിയിടം.
ഉച്ചയ്ക്ക് 12ന് വിശുദ്ധകുര്‍ബാന എടത്വാ മേഖല ഡയറക്ടര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍. സന്ദേശം: അതിരൂപത വികാരിജനറാള്‍ മോണ്‍.സ്കറിയാ കന്യാകോണില്‍.
പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്നിന്നുമെത്തുന്ന തീര്ഥാടനപദയാത്രയെ ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സ്വീകരിച്ച് സന്ദേശം നല്‍കും. വൈകുന്നേരം നാലിന് മിഷന്‍ലീഗ് ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
കുടമാളൂര്‍ പള്ളിയില്‍ രാവിലെ 10.30ന് മണിമല മേഖല ഡയറക്ടര്‍ ഫാ. ടോണി മണിയഞ്ചിറ വശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപത വികാരിജനറാള്‍ ഫാ. ആന്റണി എത്തയ്ക്കാട്ട് സന്ദേശം നല്‍കും. 12ന് കുറുമ്പനാടം മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍, ഉച്ചകഴിഞ്ഞ് 3.15ന് ചങ്ങനാശേരി മേഖല ഡയറക്ടര്‍ ഫാ. ജോസഫ് കുറശേരി എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. മാന്നാനം ആശ്രമദേവാലയത്തില് രാവിലെ 10.15ന് മാന്നാനം ആശ്രമം റെക്ടര്‍ ഫാ. കുര്യന് ചാലങ്ങാടി പ്രാര്‍ഥന നയിക്കും.
വാഹന പാര്‍ക്കിംഗ്
ക്രമീകരണം
വാഹനങ്ങള്‍ എംസി റോഡ്-ഗാന്ധിനഗര്‍ വഴി മുടിയൂര്ക്കരപള്ളിക്കു സമീപം ചാഴികാടന് റോഡില്‍ പാര്‍ക്ക് ചെയ്യണം. കുട്ടനാട് ആലപ്പുഴ റീജണില്നിന്നു തണ്ണീര്‍മുക്കം ബണ്ട് റോഡ്വഴി വരുന്ന വാഹനങ്ങള്‍ കുട്ടോമ്പുറം- വില്ലൂന്നിവഴി മാന്നാനത്ത് കെഇ സ്കൂളിന് സമീപം ആളെ ഇറക്കി കെഇ സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
കോട്ടയം വഴി വരുന്ന വാഹനങ്ങള്‍ ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് വഴിയോ അടിച്ചിറ അമ്മഞ്ചേരി റോഡിലൂടെയോ മാന്നാനം കെഇ സ്കൂള്‍ ഗ്രൗണ്ടിലോ ചാഴികാടന് റോഡിലോ പാര്‍ക്ക് ചെയ്യാം. കോട്ടയം ഭാഗത്തുനിന്നു തീര്‍ഥാടന കേന്ദ്രത്തിലേക്ക് നേരിട്ട് എത്തുന്ന ചെറിയ വാഹനങ്ങള്‍ കുടമാളൂര്‍ സെന്റ് ജോസഫ് ചാപ്പല്‍ ജംഗ്ഷനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
വലിയ വാഹനങ്ങള്‍ അമ്പാടി ജംഗ്ഷനു മുമ്പ് തീര്ഥാടകരെയിറക്കി പുളിംചുവട് വഴി കുടമാളൂര്‍ കുമാരനല്ലൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നുള്ളവര്‍ അമ്പലക്കവലയില്‍ ഇറങ്ങി, വാഹനം ചാഴികാടന് റോഡില്‍ പാര്‍ക്ക് ചെയ്യണം.