നീണ്ടൂർ: അപകടാവസ്ഥയിലായ നീണ്ടൂർ പ്രാലേൽ പാലത്തിന്റെ നിർമാണം നടക്കേണ്ട സാഹചര്യത്തിൽ കുമരകം കോണത്താറ്റ് പാലം നിർമാണം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം നീണ്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നീണ്ടൂർ പ്രാലേൽ പാലം അപകടാവസ്ഥയിലാണ്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും കഴിഞ്ഞ ബഡ്ജറ്റിൽ പാലം പുനർനിർമിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനും ആവശ്യമായ ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
കുമരകം കോണത്താറ്റ് പാലം പൂർത്തിയാക്കാതെ നീണ്ടൂർ പ്രാലേൽ പാലം പൊളിച്ചാൽ പടിഞ്ഞാറൻ മേഖലയിലെ ഗതാഗതസംവിധാനം താളം തെറ്റും. ഇപ്പോൾത്തന്നെ ധാരാളം വാഹനങ്ങളാണ് അപകടാവസ്ഥയിലുള്ള പ്രാലേൽ പാലത്തിലൂടെ കടന്നുപോകുന്നത്.
അതിനാൽ കുമരകം കോണത്താറ്റ് പാലത്തിന്റെ നിർമാണം അതിവേഗം പൂർത്തീകരിച്ച് അപകടാവസ്ഥയിലുള്ള പ്രാലേൽ പാലത്തിന്റെ നിർമാണം അടിയന്തരമായി തുടങ്ങണമെന്ന് കേരള കോൺഗ്രസ് -എം നീണ്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് വി.സി. മത്തായി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം തോമസ് കോട്ടൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർമാരായ പുഷ്പമ്മ തോമസ്, ആലീസ് ജോസഫ്, സഹകരണ ബാങ്ക് ബോർഡ് മെംബർ വിനോദ് ചാമക്കാല, ജോസി സി. ജോസഫ്,
ജയ്സൺ എബ്രാഹം, ജോസ്മോൻ ജോസ്, മനോജ് സുകുമാരൻ, ഗോപി മങ്ങാട്ടുകുഴി, പ്രസാദ് പറയൻകുന്ന്, ജയിംസ് മാക്കിൽ, നിഖിൽ ഫിലിപ്, സിജു പാലക്കാട്ട്, റെജി കുടിലിൽ, സിബി വയലുങ്കൽ, ജോസ്മോൻ തറയ്ക്കൽ, ലിൻസൺ പ്രാലേൽ തുടങ്ങിയവർ പ്രസംഗിച്ചു.