കോട്ടയം: ഇന്ത്യ ഇക്കാലമത്രയും ഏര്‍പ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറുകള്‍ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതത്തിന്റെ അനന്തരഫലം കേരളത്തിലെ കര്‍ഷക സമൂഹം തിരിച്ചറിയണമെന്നും ആഭ്യന്തര കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനുള്ള കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ സജീവമാക്കണമെന്ന് കേരള കര്‍ഷക ഫെഡറേഷന് നേതൃ സമ്മേളനം.
കാലഹരണപ്പെട്ട വനം-വന്യജീവി നിയമങ്ങള്‍ പൊളിച്ചെഴുതി നടപടികളെടുക്കാതെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ കര്‍ഷകര്‍ സംഘടിച്ചെതിര്‍ക്കണം. വന്‍കിട കോര്‍പറേറ്റുകളെ സംരക്ഷിച്ച്, കര്‍ഷകരെ, ആഗോള സാമ്പത്തിക കുത്തകകള്‍ക്ക് തീറെഴുതരുതെന്നും സമ്മേളനം കേന്ദ്ര സര്‍ക്കാരിനോടഭ്യര്‍ഥിച്ചു.
നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നും ദേശീയപാത 85-ലെ, നേര്യമംഗലം-വാളറ ഭാഗത്തെ പതിനാലര കിലോമീറ്റര്‍ അനധികൃത റോഡ് വികസനം തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇത് വനഭൂമിയാണെന്ന് സത്യവാങ്മൂലം നല്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ, ശിക്ഷാ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരള കര്‍ഷക ഫെഡറേഷന് പ്രസിഡന്റ് അഡ്വ. പി.സി. ശിവശങ്കരന് അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ.ജി ജയലക്ഷമി, അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ഡോ. മാനുവല്‍ തോമസ്, പി. സോമശേഖരന്‍ പിള്ള എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഡിജോ കാപ്പന്, കെ.എം. മാത്തച്ചന്, ജോര്‍ജ് മുരിക്കന്‍, മാക്സ്മിലന് പള്ളിപ്പുറത്ത്, വര്‍ഗീസ് കണ്ണമ്പള്ളി, കൊച്ചറ മോഹനന് നായര്‍, കെ.കെ. റിജു, സുകുമാര്‍ അരീക്കുഴ, സുഭാഷ് പള്ളിത്താനം, പാണ്ടിയോട് പ്രഭാകരന്, ജോസഫ് ഏബ്രാഹം, ജോമോന് ഓടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.