കയ്പമംഗലം: എംഎൽഎയുടെ ഇടപെടൽ; നാഷണൽ ഹൈവയിലെ അണ്ടർപാസിനു സാധ്യതയേറുന്നു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ സാഹിബിന്റെ പള്ളിനടയിൽ നാഷണൽ ഹൈവയുടെ നിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുനേരിടേണ്ടിവരുന്ന യാത്രാ ക്ലേശവും വിദ്യാലയത്തിലേക്കും പൊതുസ്ഥാപനങ്ങളിലേക്കും പൊതുജനങ്ങൾക്ക് എത്തിപ്പെടാൻ നേരിടുന്ന പ്രയാസങ്ങളെ ചൂണ്ടിക്കാട്ടി ഇ.ടി. ടൈസൺ എം എൽഎക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭീമഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അണ്ടർപാസ് അനുവദിക്കുവാൻ സാധിക്കുമോ എന്ന ആലോചനയിലേക്ക് സർക്കാർ എത്തിയത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി ജില്ലയിലെ എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തപ്പോഴും ഇ.ടി. ടൈസൺ എംഎൽഎ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ഈ വിഷയം പെടുത്തിയിരുന്നു. ജനപ്രതിനിധികൾ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ പൊതുപ്രവർത്തകർ അങ്ങനെ നിരവധിപേർ ആവശ്യപ്പെട്ടതനുസരിച്ച് നിരന്തരമായി ജില്ലാ വികസനസമിതി യോഗങ്ങളിലും എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ ആവശ്യകത ഗൗരവപൂർവം പരിഗണിക്കുമെന്നും നാഷണൽ ഹൈവേ അഥോറിറ്റിയുമായും ശിവാലയ കമ്പനിയുമായും കൂടിയാലോചിച്ച് അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യ പറഞ്ഞു.
ഇ.ടി. ടൈസൺ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മോഹനൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് സജിത പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. അയ്യൂബ്, പി.എ. നൗഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, വാർഡ് മെമ്പർമാരായ ഇബ്രാഹിംകുട്ടി, ജയ സുനിൽരാജ്, ഡെപ്യൂട്ടി കളക്ടർ ജി.കെ.പ്രദീപ് , എൽഎഎൻഎച്ച് ഡെപ്യൂട്ടി കളക്ടർ കെ. രേവ, കൊടുങ്ങല്ലൂർ തഹസിൽദാർഎം. ശ്രീനിവാസ്, ഡെപ്യൂട്ടി തഹസിൽദാർ കെ.എം. റസിയ, വില്ലേജ് ഓഫീസർ എ.കെ. അബ്ദുൽഖാദർ, എൻഎച്ച് ലെയ്സൺ ഓഫീസർ കെ.ബി. ബാബു തുടങ്ങിയവർ
കളക്ടറോടൊപ്പം ഉണ്ടായിരുന്നു.